ഇത്തവണത്തെ ഓണത്തിന് പുതുപ്പള്ളിയിലെ രാഷ്ട്രീയ കളികൾക്ക് മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്. കേരള ചരിത്രത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ നേടിയെടുത്ത കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നിലനിര്‍ത്തുകയും പരാജയപ്പെട്ട അരൂര്‍ ഇടതുപക്ഷം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിനാണ് ഇപ്പോൾ കൊടിയേറിയിരിക്കുന്നത്.
കേരള പിറവിക്ക് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പുതുപ്പള്ളി മണ്ഡലം ചിത്രത്തിലുണ്ട്. കോണ്‍ഗ്രസും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും നേര്‍ക്ക് നേര്‍ മത്സരിച്ച ആദ്യ മത്സരത്തിൽ തന്നെ വിജയം കോൺഗ്രസിനായിരുന്നു. കോണ്‍ഗ്രസിലെ പി സി ചെറിയാന്‍ ആയിരുന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, അതും ചെറിയ ഭൂരിപക്ഷത്തോടെ. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ എം ജോർജിനെയായിരുന്നു ചെറിയാൻ പരാജയപ്പെടുത്തിയത്.
1957 ലെ ജയം ചെറിയാൻ 1960ലും ആവർത്തിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം തോമസായിരുന്നു രണ്ടാമത്തെ എതിരാളി. അന്ന് ആദ്യത്തേതിനേക്കാൾ ഭൂരിപക്ഷം ഉയർന്നു. 1965ലെ തിരഞ്ഞെടുപ്പ് സിപിഐഎമ്മിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു. ആദ്യമായി ഇവർ പുതുപ്പള്ളിയിൽ വിജയക്കൊടി പാറിച്ച വർഷം. ഇ എം ജോര്‍ജ്ജ് പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ തോമസ് രാജനെയായിരുന്നു, ജോർജിന്റെ രണ്ടാം അങ്കം വിജയം കാണുകയായിരുന്നു. 1967ല്‍ ഇ എം ജോര്‍ജ്ജ് പുതുപ്പള്ളിയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കോൺഗ്രസ് ആശങ്കയിലായി. മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് അവരുടെ ആയുധമായ മുന്‍ എംഎല്‍എ പിസി ചെറിയാനെ രംഗത്തിറക്കി. എന്നാൽ, ചെറിയാനെ പോലും അമ്പരപ്പിച്ചായിരുന്നു ജോർജിന്റെ വിജയം. ഇ എം ജോര്‍ജ്ജ് ഭൂരിപക്ഷം 5558 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു.
അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്കും സിപിഐഎമ്മിന്റെ കുത്തകസീറ്റ് എന്ന നിലയിലേക്ക് പുതുപ്പള്ളിയുടെ സ്വഭാവം മാറിയിരുന്നു. പരാജയ ഭീതി കാരണം ആരും സി.പി.ഐ.എമ്മിനെതിരെ മത്സരിക്കാൻ തയ്യാറായില്ല. ആ സമയത്താണ് പുതുപ്പള്ളിയില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടിയെ പാർട്ടി മത്സരിക്കാൻ തിരഞ്ഞെടുക്കുന്നത്. കന്നി അങ്കത്തിൽ തന്നെ ഉമ്മൻ ചാണ്ടി ജോർജിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ച് പിടിച്ചു. 7252 വോട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. പിന്നീടങ്ങോട്ട് ഉമ്മൻ ചാണ്ടി തന്നെയായിരുന്നു പുതുപ്പള്ളിക്കാരുടെ ആദ്യ ചോയ്‌സ്.
Post Your Comments