കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. സി.പി.എമ്മിന്റെ കുത്തക സീറ്റ് എന്ന നിലയിലേക്ക് പുതുപ്പള്ളി മാറിയ സമയത്താണ് ഉമ്മൻ ചാണ്ടിയുടെ കടന്നുവരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാൻ തിരഞ്ഞെടുത്തതാണ് കോൺഗ്രസ് സ്വീകരിച്ച ഏറ്റവും മികച്ച തീരുമാനം. പിന്നീടങ്ങോട്ട് കോൺഗ്രസിന് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല.
കന്നി അങ്കത്തിൽ തന്നെ ഉമ്മൻ ചാണ്ടി സി.പി.ഐ.എമ്മിന്റെ ഇ എം ജോര്‍ജ്ജിനെ പരാജയപ്പെടുത്തി. അതും റെക്കോർഡ് ഭൂരിപക്ഷത്തോടെ. ജോർജ്ജിനെതിരെ ഉമ്മൻ ചാണ്ടി നേടിയെടുത്ത ഭൂരിപക്ഷം കണ്ട കോൺഗ്രസ് പാർട്ടി, ഒരിക്കൽ കൂടി ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ പരീക്ഷിക്കാൻ തയ്യാറാവുകയായിരുന്നു. 1977ല്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരാളിയായി പുതുപ്പള്ളിക്ക് സുപരിചിതനായ പി.സി ചെറിയാന്‍ എത്തിയെങ്കിലും ഫലം കണ്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 60%ത്തിലെറെ വോട്ട് സ്വന്തമാക്കി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. 15423 വോട്ടായിരുന്നു 1977ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. 1980 ലും ഇതാവർത്തിച്ചു.
1982 ഓട് കൂടി കോണ്‍ഗ്രസ് നേതൃനിരയില്‍ ഉമ്മൻ ചാണ്ടി കരുത്തനായി മാറി. കോണ്‍ഗ്രസ് എസിന്റെ തോമസ് രാജനായിരുന്നു ഇത്തവണത്തെ ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്ക് സമ്മാനിച്ചു. 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ ഉമ്മൻ ചാണ്ടി തന്നെ പുതുപ്പള്ളിയുടെ വിജയ കിരീടം ചൂടി. ഒരു തിരഞ്ഞെടുപ്പിൽ പോലും പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത ആളായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മന്‍ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയില്‍ ഒരു ഉപതിരഞ്ഞെടുപ്പ് കടന്ന് വരുമ്പോള്‍ ഈ കണക്കുകളുടെ ചരിത്രമെല്ലാം അപ്രസക്തമാണ്.
Post Your Comments