സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5,450 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 320 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ ഓഗസ്റ്റ് മാസത്തിലെ താഴ്ന്ന നിരക്കിലായിരുന്നു സ്വർണവില. പിന്നീടാണ് മൂന്ന് ദിവസവും വില ഉയർന്നത്. ആഗോള വിപണിയിലും ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണം ഔൺസിന് 1.4 ശതമാനം ഉയർന്ന് 1,920.4 നിലവാരത്തിലാണ് ഉള്ളത്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള വിപണിയിലെ ഇടിവ് 2.74 ശതമാനമായിരുന്നു. യുഎസ് സമ്പദ് വ്യവസ്ഥ മെല്ലെപ്പോക്ക് തുടരുമെന്ന റിപ്പോർട്ടാണ് സ്വർണത്തിന് നേട്ടമായി മാറിയത്. നിലവിലെ സാഹചര്യത്തിൽ, സ്വർണവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത. പ്രാദേശിക വിപണികൾ ഉത്സവ, വിവാഹ വിൽപ്പനകൾക്കായി തയ്യാറെടുക്കുകയാണ്.]
Post Your Comments