ന്യൂഡൽഹി: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മണിക്കൂറുകൾ മാത്രം. ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ. ബഹിരാകാശത്തെ അതികായൻമാരിൽ ഒരാളായ റഷ്യ തോറ്റുപോയിടത്താണ് ഇന്ത്യ പുതുചരിത്രം കുറിക്കാൻ ശ്രമിക്കുന്നത്. ചന്ദ്രയാൻ രണ്ട് വിക്ഷേപണം പരാജയപ്പെട്ടെങ്കിലും നാല് വർഷത്തിനുശേഷം വീണ്ടും കൂടുതൽ കൃത്യതയോടെ വിക്ഷേപണം നിരീക്ഷിക്കുകയാണ് ഐ.എസ്.ആർ.ഒ.
ലാൻഡിംഗ് – വൈകുന്നേരം 6.04 ന്. രാജ്യത്തുടനീളം തത്സമയം സംപ്രേക്ഷണം ചെയ്യും. പരിപാടിക്കായി സ്കൂളുകൾ തുറക്കും. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ ചേർന്ന് ലൈവ് സംപ്രേക്ഷണം കാണും. ഞായറാഴ്ച ലാൻഡിംഗിനിടെ ചന്ദ്രോപരിതലത്തിൽ തകർന്ന റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ -25 പരാജയപ്പെട്ടതാണ് സസ്‌പെൻസ് വർദ്ധിപ്പിച്ചത്. ഗർത്തങ്ങളും ആഴത്തിലുള്ള കിടങ്ങുകളും നിറഞ്ഞ അതേ പ്രദേശത്ത് 2019-ൽ ചന്ദ്രയാൻ-2 ദൗത്യം സുരക്ഷിതമായി ഇറക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
ചന്ദ്രയാൻ-2 ദൗത്യം ഭാഗികമായി പരാജയപ്പെട്ട് നാല് വർഷത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ചന്ദ്രനിൽ ഇറങ്ങാനുള്ള മറ്റൊരു ശ്രമം നടത്തുകയാണ്. ‘ഉദ്വേഗത്തിന്റെ 20 മിനിറ്റ്’ എന്നാണ് വിദഗ്ധർ ലാൻഡർ ചന്ദ്രനിൽ ഇറക്കുന്ന സമയത്തെ വിശേഷിപ്പിക്കുന്നത്. ലാൻഡിംഗ് സീക്വൻസ് വൈകുന്നേരം 5:45 ഓടെ ആരംഭിക്കും, ഏകദേശം കാൽ മണിക്കൂർ നീണ്ടുനിൽക്കും. എല്ലാം പ്ലാൻ അനുസരിച്ച് നടന്നാൽ, ഏകദേശം 6:04 PM ന് ചന്ദ്രയാൻ ചന്ദ്രനെ തൊടും.
ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറയ്ക്കും. ബെംഗളൂരുവിൽ നിന്നുള്ള കമാൻഡ് പ്രകാരം വിക്രം ലാൻഡർ 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാൻ തുടങ്ങും. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പാകത്തില്‍ ലംബമായ രീതിയിലേക്കു മാറ്റുകയെന്നാണ് വെല്ലുവിളി. അതിനു വേണ്ടിയാണ് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്നത്. ഇത് ഏകദേശം 11 മിനിറ്റ് നീണ്ടുനിൽക്കും. സമാന്തര ദിശയിൽനിന്ന് ലംബ ദിശയിലേക്ക് മാറ്റുന്നതിനിടെയാണ് ചന്ദ്രയാൻ 2 പ്രശ്നം നേരിട്ടത്.
7.42 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ടാം ഘട്ടം ആരംഭിക്കും. 10 സെക്കന്‍ഡ് നീളുന്ന ഓള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ് ഫെയ്‌സ് ആണ് നടക്കുക. ചന്ദ്രനുമായുള്ള ഉയരം 6.8 കി.മീ. ആയി കുറയ്ക്കും. ഈ ഘട്ടത്തിലും ലാന്‍ഡര്‍ കുറച്ച് കുറച്ചായി ചെരിവ് നികത്തും. ചന്ദ്രോപരിതലത്തിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ, തിരശ്ചീനവും ലംബവുമായ പ്രവേഗങ്ങൾ പൂജ്യത്തിലേക്ക് വരുന്നു. 6.8 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ട് ത്രസ്റ്റർ എൻജിനുകൾ പ്രവർത്തനരഹിതമാക്കും. മറ്റ് രണ്ട് എൻജിനുകൾ ഉപയോഗിച്ച് ലാൻഡർ നീങ്ങും. ഇവിടെ വെച്ച് ചെരിവ് പൂർണമായും നികത്തി വെർട്ടിക്കലാകും. ചന്ദ്രന് 800-1000 മീറ്റര്‍ അടുത്തെത്തി ലാന്‍ഡിങ്ങിന് തയാറാവും. സെന്‍സറുകള്‍ അവസാനഘട്ട പരിശോധനകള്‍ നടത്തും. തുടര്‍ന്ന് ചുറ്റിപ്പറക്കുന്ന ലാന്‍ഡറും ചന്ദ്രനും തമ്മിലുള്ള അകലം 150 മീറ്ററായി കുറയും. പതുക്കെ ചന്ദ്രനോട് കൂടുതൽ അടുക്കും. ഒടുവിൽ നിലംതൊടും. ഇതിനിടെ ലാന്‍ഡര്‍ കാലുകള്‍ നിലത്തുറപ്പിക്കാന്‍ 12 ഡിഗ്രി ചെരിയും. ഇതോടെ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യ ചരിത്രം രചിക്കും.
Post Your Comments