ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുകയും ചെയ്ത ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ (ഇപ്പോൾ 17 വയസ്സ്) മാസങ്ങളോളം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രേമോദയ് ഖഖയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി ഗർഭിണിയായപ്പോൾ ഗർഭം അലസിപ്പിക്കാൻ യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ നൽകിയത് ഇയാളുടെ ഭാര്യ ആയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉത്തരവ് പ്രകാരം ഡൽഹി സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് രണ്ട് പേരുടെയും അറസ്റ്റ്.
ഡബ്ല്യുസിഡി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറാണ് പ്രേമോദയ് ഖാഖ. പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി ഇയാൾക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു താമസം. പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2020-ൽ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ഇതോടെ, പ്രതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. തന്റെ സുഹൃത്തിന്റെ മകളെ താൻ നോക്കുമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 2020 നും 2021 നും ഇടയിൽ നിരവധി തവണ ഇയാൾ അവളെ ബലാത്സംഗം ചെയ്തു.
കൗമാരക്കാരി ഗർഭിണിയായപ്പോൾ പ്രതി ഇക്കാര്യം തന്റെ ഭാര്യയോട് തുറന്നുപറഞ്ഞു. ഉദ്യോഗസ്ഥന്റെ ഭാര്യ മകനോട് ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങാൻ ആവശ്യപ്പെട്ടെന്നും ഗർഭം വീട്ടിൽ വെച്ച് തന്നെ അലസിപ്പിച്ചെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡിസിപി (നോർത്ത്) സാഗർ വ്യക്തമാക്കി.
Post Your Comments