കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ നാലാംകിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. താൻ അങ്ങനെ പറഞ്ഞത് എപ്പോഴാണെന്ന് തോമസ് ഐസക് തെളിയിക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. താൻ പറഞ്ഞ വാക്കുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചാനലിന് പിഴവ് പറ്റിയതാണെന്നും അവർ അത് തിരുത്തി ഖേദം പ്രകടിപ്പിച്ചു എന്നും സതീശൻ കൂട്ടിച്ചേർത്തു.
വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ;
‘രാഷ്ട്രീയ മത്സരങ്ങളിൽ എതിരാളികൾ ബഹുമാനം അർഹിക്കുന്നവരാണ്. അതാണ് കോൺഗ്രസിന്‍റെ സമീപനവും പാരമ്പര്യവും. തെരഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏത് വിഷയവും തങ്ങൾ ഉന്നയിക്കും. വ്യക്തിഹത്യ ഒഴികെ. സിപിഎമ്മിന് എന്നും ശീലമുള്ളത് വ്യക്തിഹത്യയാണ്. ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് താൻ ചെയ്തത്.
ഒരു പഴയ കാര്യം കൂടി ഓർമിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കിൽ എന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അയക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്ത് നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്’.
Leave a Comment