തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നി പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗ രേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
2018 മാർച്ചിലാണ് രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് വെട്ടികൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ സത്താറിൻെറ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിലെ കാരണം. അതേസമയം, ഒന്നാം പ്രതിയായ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
Post Your Comments