ഭുവനേശ്വർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം. ജ്യോത്സ്‌ന റാണി എന്ന 35കാരിക്കാണ് ജീവൻ നഷ്ടമായത്. യുവതിയെ മുതല ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിളികേട്ട് ഓടിക്കൂടിയ ആളുകൾ മുതല യുവതിയെ കടിച്ചുകീറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
പ്രദേശത്തെ ബിരൂപ നദിയിൽ ബുധനാഴ്ച രാവിലെ കുളിക്കാനിറങ്ങിയ ജ്യോത്സ്‌നയെ മുതല ആക്രമിക്കുകയായിരുന്നു. വസ്ത്രം കഴുകിയ ശേഷം കുളിക്കാൻ പുഴയിലേക്ക് ഇറങ്ങിയ യുവതിയെ മുതല ആക്രമിക്കുകയും പുഴയുടെ മറുകരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ സ്ഥിരം കുളിക്കാനിറങ്ങാറുണ്ടായിരുന്നതിനാൽ മുതലയുണ്ടാകുമെന്ന് യുവതി കരുതിയില്ല. രക്ഷപ്പെടാനുള്ള ശ്രമം ജ്യോത്സ്‌ന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് യുവതിയുടെ ശരീരഭാഗങ്ങൾ പുഴയിൽ നിന്ന് വീണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. യുവതിയുടെ കുടുംബാംഗങ്ങൾക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനിടെയുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments