കായംകുളം: 17കാരിയായ പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്ത് വിഷ്ണുപ്രിയ (17) മരിച്ചത് ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ കായംകുളം പൊലിസിന് നൽകിയ പരാതിയിലും ഇക്കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയിൽ ആരോപിക്കുന്നു.
വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയനും, അമ്മ രാധികയും വികലാംഗരാണ്.
Post Your Comments