Latest NewsKeralaNews

മാത്യു കുഴൽനാടന്റെ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യം പിന്നീട് നോക്കാം, ഇപ്പോഴില്ലെന്ന് സി.പി.എം

തിരുവനന്തപുരം: ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സി.പി.എം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണമെന്നും അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നുമാണ് നിലവിൽ സി.പി.എമ്മിന്റെ നിലപാട്. ചിന്നക്കനാലിൽ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്.

ന്യായവിലയുടെ അടിസ്ഥാനത്തിൽ അല്ല ഭൂമികച്ചവടം നടക്കാറുള്ളത്. പഴയ കെട്ടിട വിവരം മറച്ചു വെച്ചതിലെ വിശദീകരണവും തൃപ്തികരമല്ലെന്ന് സി.പി.എം പറയുന്നു. താമസയോ​ഗ്യമായ കെട്ടിടം വാങ്ങി പിന്നീട് റിസോർട്ടാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ടൊന്നും മാത്യു കുഴൽനാടൻ വിശദീകരണം നൽകിയിട്ടില്ലെന്നും ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകിയാൽ വെല്ലുവിളി ഏറ്റെടുക്കാമെന്നുമാണ് സി.പി.എം പറയുന്നത്. എന്നിരുന്നാലും പാർട്ടി പ്രതിരോധത്തിൽ തന്നെയാണ്. തന്റെ കമ്പനിയുടെ കണക്ക് പുറത്ത് വിടാം, വീണ വിജയന്റെ എക്സാലോജികിന്റെ കണക്ക് പുറത്തുവിടണമെന്നാണ് മാത്യു കുഴൽനാടൻ ഇന്നലെ പത്ര സമ്മേളനം നടത്തി വെല്ലുവിളിച്ചത്.

മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യത. വിജിലൻസ് അന്വേഷണം കൂടെ വരുമ്പോൾ രാഷ്ട്രീയ പ്രതികാരം എന്ന വാദം കുഴൽനാടൻ ഉയർത്താൻ സാധ്യതയുണ്ട്. വീണ വിജയനെതിരായ മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് പിന്തുണ നൽകിയില്ലെങ്കിൽ കുഴൽനാടൻ തന്റെ നിലപാടുകളും ചോദ്യങ്ങളുമായി മുന്നോട്ട് പോയി. മാസപ്പടി വിവാദം ഇപ്പോഴും കളത്തിൽ നിറഞ്ഞുനിൽക്കുന്നതിന്റെ കാരണവും കുഴൽനാടൻ തന്നെയെന്ന് പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button