KeralaLatest NewsArticleNews

വ്യത്യസ്ത ശൈലിയിൽ മലയാളികളുടെ അഭിമാനമായി മാറിയ വാനമ്പാടിയും നഞ്ചിയമ്മയും, ഭാഷയുടെ വരമ്പുകള്‍ ഭേദിച്ച മാന്ത്രിക സംഗീതം

സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലെന്ന് തെളിയിച്ചു തന്നെ ഒട്ടേറെ ഗായകര്‍ നമ്മുടെ കേരളത്തിൽ പിറവി കൊണ്ടിട്ടുണ്ട്. അത്തരത്തില്‍ സംഗീതം കൊണ്ട് നമ്മുടെ മനസില്‍ ചേക്കേറിയ രണ്ട് ഗായകരാണ് നമ്മുടെ വാനമ്പാടി കെഎസ് ചിത്രയും നഞ്ചിയമ്മ. വിവിധ ഭാഷകളില്‍ ആയി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ഗായികയാണ് നമ്മുടെ വാനമ്പാടി കെഎസ് ചിത്രയെങ്കിൽ ആദിവാസി ഊരില്‍ നിന്നും നമ്മളെല്ലാം ഏറ്റുചൊല്ലുന്ന പാട്ടുകൾ സമ്മാനിച്ച ഗായികയാണ് നഞ്ചിയമ്മ.

കെഎസ് ചിത്ര

ഇന്ത്യയിലെ പലഭാഷകളിലായി നിരവധി ഗാനങ്ങളാലപിച്ച് മലയാളക്കരക്ക് അഭിമാനമായി മാറിയ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാന ശാഖയുടെ വാനമ്പാടി. 1963 ജൂലൈ 27ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളായി തിരുവനന്തപുരത്ത് ജനിച്ചു. പിതാവ് കൃഷ്ണന്‍നായരാണ് ചിത്രയുടെ ആദ്യഗുരു. പിന്നീട് ഡോ കെ ഓമനക്കുട്ടിയുടെ കീഴില്‍ കർണാടക സംഗീതം അഭ്യസിച്ചു.

1979ൽ എംജി രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത അട്ടഹാസമെന്ന ചിത്രത്തിൽ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടി കൊണ്ടാണ് ചിത്ര ആദ്യമായി മലയാള സിനിമയിൽ പാടുന്നത്.

എംജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ അരുന്ധതിയുമൊത്ത് പാടിയ ‘അരികിലോ അകലെയോ’ ആണ് പുറത്തിറങ്ങിയ ആദ്യ സിനിമാ ഗാനം.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി, അരങ്ങൊരുങ്ങി’ എന്ന ഗാനം ചിത്രയെ ആദ്യകാലങ്ങളിൽ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാക്കി. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ ‘കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍’, അടുത്തടുത്ത് എന്ന ചിത്രത്തിലെ ‘ആലോലം ചാഞ്ചാടും’, പുന്നാരം ചൊല്ലി ചൊല്ലിയിലെ ‘അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി’ തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളികളുടെ മനസില്‍ ചേക്കേറുകയായിരുന്നു.

പിന്നണിഗായികയ്ക്കുള്ള ആറ് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ് ചിത്ര. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 16 തവണയാണ്. 1985 മുതൽ 1995 വരെ തുടർച്ചയായി ആ പുരസ്കാരം സ്വന്തമാക്കാനും ചിത്രയ്ക്കായി.

തെന്നിന്ത്യയിൽ ചിത്ര തരംഗമാകുന്നത് ഇളയരാജയിലൂടെയാണ്. ഇളയരാജയുടെ സംഗീതത്തിന് ശബ്ദം നൽകിയാണ് ചിത്ര തെന്നിന്ത്യയിലും തന്റേതായ ചുവടുറപ്പിക്കുന്നത്. ‘ചിന്നക്കുയിൽ പാടും പാട്ട് കേക്കിതാ’ എന്ന പാട്ടിനും മുമ്പേ നീതാനാ അന്ത കുയിൽ എന്ന ചിത്രത്തിലെ ഇളയരാജയുടെ തന്നെ ‘പൂജൈക്കെതാ പൂവിതു’ എന്ന ഗാനമാലപിച്ചാണ് തമിഴകത്തേക്കുള്ള വരവ്. എന്നാൽ, സിന്ധു ഭൈരവി എന്ന സിനിമയിലെ ‘പാടറിയേൻ, നാൻ ഒരു സിന്ധു’ എന്നീ പാട്ടുകളാണ് തമിഴകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

തമിഴ് സിനിമാ ലോകമാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. 1986 ൽ പുറത്തിറങ്ങിയ ‘പാടറിയേൻ പഠിപ്പറിയേൻ’ എന്ന ഗാനത്തിനായിരുന്നു ചിത്രയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ ആ പുരസ്കാരം ചിത്ര കേരളിത്തിലേക്കെത്തിച്ചു.

ഏഴ് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരും നാല് തവണ തമിഴ്നാട് സര്‍ക്കാരും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരും ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുളള പുരസ്കാരം സമ്മാനിച്ചു. 1997ല്‍ കലൈമാമണി പുരസ്കാരം നല്‍കി തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചു. 2005 ല്‍ പദ്മശ്രീയും 2021ൽ പത്മഭൂഷണും ലഭിച്ചു.

2000 ലേക്കെത്തുമ്പോൾ ചിത്ര ആലപിച്ച മലയാള സിനിമാഗാനങ്ങളുടെ എണ്ണം 1,500 കടന്നിരുന്നു.

1987ൽ എൻജിനീയറായ വിജയശങ്കറെ വിവാഹം കഴിച്ചു. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകൾ നന്ദന 2011 ലെ വിഷുദിനത്തിൽ ദുബായിൽ ഒരു സംഗീത പരിപാടിക്കിടെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു. തുടർന്ന് സംഗീതരംഗത്തു നിന്നും കുറേ നാളുകൾ അകന്ന് നിന്ന ചിത്ര സഹപ്രവർത്തകരുടെയും സുഹൃത്ത്ക്കളുടെയും നിർബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വരികയായിരുന്നു.

കേരളത്തിന്റെ വാനമ്പാടിയായ ചിത്ര ഇന്നും പിന്നണിഗാന രംഗത്തും സ്റ്റേജ് പരിപാടികളിലും സജീവമാണ്. പൊന്നിയിൻ സെൽവൻ, നീലവെളിച്ചം എന്നീ സിനിമകളിൽ അടക്കം ചിത്ര പാടിയ ഗാനങ്ങള്‍ അടുത്തിടെ പോലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്.

നഞ്ചിയമ്മ

അയ്യപ്പനും കോശി എന്ന ചിത്രത്തിലെ ‘കലക്കാത്ത…’ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. അട്ടപ്പാടിയാണ് സ്വദേശം. ആസാദ് കലാസംഘത്തിലൂടെയാണ് സിനിമയിലേക്ക് നഞ്ചിയമ്മ കടന്നുവരുന്നത്.

സച്ചിയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ‘കലക്കാത്ത’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു.

കേരള, തമിഴ്നാട് അതിർത്തിയിൽ ആലങ്കട്ടി പുതൂർ എന്ന സ്ഥലത്ത് ആദിവാസി ഇരുള വിഭാഗത്തിലാണ് നാഞ്ചിയമ്മ ജനിച്ചത്. പാട്ടുകാരിയായ മുത്തശ്ശിയിൽനിന്നും നാല്, അഞ്ച് വയസ്സ് പ്രായത്തിൽ പാട്ടുകൾ കേട്ടു പഠിച്ചാണ് നഞ്ചിയമ്മ പാട്ടുകാരിയായത്. ചെറുപ്രായത്തിൽ തന്നെ നഞ്ചിയമ്മ സ്വന്തമായി പാട്ടുണ്ടാക്കി പാടാൻ തുടങ്ങിയിരുന്നു. പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ നഞ്ചപ്പനെ കല്യാണം കഴിച്ച് അട്ടപ്പാടിയിലെ നക്കുപ്പതിപ്പിരിവ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അട്ടപ്പാടിയിൽ വന്നതിനുശേഷം ആടുമേക്കലായിരുന്നു നാഞ്ചിയമ്മയുടെ പ്രധാന തൊഴിൽ.

2004ല്‍ അഹാഡ്സ് സങ്കടിപ്പിച്ച ആദിവാസി സ്ത്രീകളുടെ കൂട്ടായ്മയുടെ വേദിയിലായിരുന്നു നഞ്ചിയമ്മ ആദ്യമായി ഒരു വേദിയിൽ പാടുന്നത്. അഹാഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടറും അഭിനേതാവുമായിരുന്ന പഴനിസാമി നാഞ്ചിയമ്മയുടെ പാട്ട് കേൾക്കുകയും തന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസംഘത്തിലേക്ക് നഞ്ചിയമ്മയെ ക്ഷണിക്കുകയും ചെയ്തു. പിന്നീട്, ആസാദ് കലാസംഘത്തിലെ പ്രധാനഗായികയായി നാഞ്ചിയമ്മ മാറി. നാടൻ പാട്ടുകളെ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും നഞ്ചിയമ്മ നടത്തിയ യാത്രകൾ 2010 ലെ ഫോക്ലോർ അവാർഡിന് അവരെ അർഹയാക്കി.

വെളുത്ത രാത്രികൾ എന്ന സിനിമയിലൂടെയാണ് നഞ്ചിയമ്മ ചലച്ചിത്ര പിന്നണി ഗായികയാകുന്നത്. എന്നാൽ, പിന്നീട് പാടിയ  അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജേക്സ് ബിജോയുടെ സംഗീതത്തിൽ ഇറങ്ങിയ നാഞ്ചിയമ്മയുടെ ഗാനം വലിയതോതിൽ ജനപ്രിയമായി എന്നുമാത്രമല്ല 2020 ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാഞ്ചിയമ്മയക്ക് ഈ പാട്ടിലൂടെ ലഭിക്കുകയും ചെയ്തു.

സ്റ്റേഷൻ 5, ഇ എം ഐ, എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. അയ്യപ്പനും കോശിയും, ചെക്കൻ എന്നീ സിനിമകളിൽ നാഞ്ചിയമ്മ അഭിനയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button