തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ, നിരക്ക് വർധന ഉള്‍പ്പെടെ ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക.
വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസവും 10 കോടി രൂപയുടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധനയുടെ പ്രഖ്യാപനം ഉണ്ടാകും. മഴ കുറഞ്ഞതോടെ, വൈദ്യുതോത്പാദനം ഇടിഞ്ഞെന്നും അധിക വൈദ്യുതി പണം കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്.
അധിക വൈദ്യുതി വാങ്ങുന്നതടക്കം വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.
Post Your Comments