KeralaLatest NewsNews

മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസിനും സിപിഎമ്മിനുമെിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സാധിക്കാത്ത സാഹചര്യം വന്നിരിക്കുകയാണെന്നെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ബാത്ത് റൂം ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മുഖ്യമന്ത്രിയും മകളും ഉന്നത യുഡിഎഫ് നേതാക്കളുമടക്കം വ്യവസായിയിൽ നിന്നും മാസപ്പടിയായി വാങ്ങിയത് 96 കോടി രൂപയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു അന്വേഷണ ഏജൻസികളും ഇവരെ വിളിച്ച് ചോദ്യം ചെയ്യാൻ തയ്യാറായില്ല എന്നത് സംസ്ഥാനത്തെ നിയമവാഴ്ച പൂർണ്ണമായും തകർന്നു എന്നതിന്റെ തെളിവാണ്. പല വ്യവസായികളെയും സമ്മർദ്ദം ചെലുത്തി പണം വാങ്ങുന്നതായി കേട്ടിട്ടുണ്ടെങ്കിലും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയും കുടുംബവും ഇങ്ങനെ പണം തട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മാസവും വീണയ്ക്കും അവരുടെ കമ്പനിയിലേയ്ക്കും പണം മാസപ്പടിയായി ലഭിക്കുന്നു. വ്യവസായം നടത്താൻ തടസ്സം വരാതെ ഇരിക്കാനാണ് പണം നൽകിയതെന്നാണ് വ്യവസായി വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് കൈക്കൂലിയെന്ന് സാരം. വലിയ അഴിമതിയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. പുതുപ്പള്ളിയിൽ യുഡിഎഫും സിപിഎമ്മും ഇത് ചർച്ചയാക്കാൻ പോകുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിതാവിന്റെ പേരും ഇതിൽ ഉൾപ്പെടുന്നുണ്ട്. യുഡിഎഫിന്റെ നേതാക്കളും മാസപ്പടി വാങ്ങിയതായി തെളിഞ്ഞു. അതിനാലാണ് നിയമസഭയിൽ ഇത് ചർച്ചയാക്കാതെ യുഡിഎഫ് തടിതപ്പിയത്. നിയമസഭയിൽ ഉന്നയിച്ചില്ലെങ്കിലും നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചർച്ച ചെയ്യണമെന്നതാണ് ബിജെപിയുടെ തീരുമാനമെന്ന് സുരേന്ദ്രൻ അറിയിച്ചു.

പുതുപ്പള്ളിക്കാരുടെ മുന്നിൽ നടക്കുന്നത് മാസപ്പടിക്കാരുടെ സമ്മേളനമാണ്. വളരെ ലജ്ജാകരമാണിത്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരേപോലെ അഴിമതി നടത്തുകയാണ്. രണ്ട് പേർക്കും മിണ്ടാൻ പറ്റുന്നില്ല. കേരളത്തിലെ എല്ലാ അഴിമതികളും ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് നടത്തുന്നത്. ഇവരുടെ അഴിമതിയും ഒത്തുതീർപ്പ് രാഷ്ട്രീയവുമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായും ചർച്ച ചെയ്യുക. കേരളത്തിലെ അന്വേഷണ ഏജൻസികൾ മാസപ്പടി വിവാദത്തിൽ അന്വേഷണം നടത്താത്ത സാഹചര്യമാണെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സമീപിക്കും. ഇത് ശരിക്കും കേരളത്തിലെ അന്വേഷണ ഏജൻസികളാണ് അന്വേഷിക്കേണ്ടത്. അഴിമതി നിരോധന നിയമത്തിന് കീഴിൽ വരുന്നതാണ് മാസപ്പടി വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button