കുഴൽമന്ദം: തിളക്കം കൂട്ടാൻ എന്ന വ്യാജേന വീട്ടമ്മയുടെ പക്കൽനിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് ബീഹാർ സ്വദേശികൾ അറസ്റ്റിൽ. ബീഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഴൽമന്ദം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയുടെ രണ്ടു പവൻ വരുന്ന പഴയ സ്വർണം തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു വാങ്ങി രാസലായനിയിൽ ഇട്ടു. തുടർന്ന്, സ്വർണത്തിന്റെ നിറം മാറിയതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായ വീട്ടമ്മ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സമാന രീതിയിലുള്ള തട്ടിപ്പിനു രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഇവർ തന്നെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ ശേഷം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments