ചിറയിൻകീഴ്: ഉൾക്കടലിൽ തകരാറിലായ ബോട്ടിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മുതലപ്പൊഴിയിൽനിന്നും 33 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടാണ് ചോർച്ച ഉണ്ടായതിനെ തുടർന്ന് ആഴക്കടലിൽ കുടുങ്ങിയത്. കഠിനംകുളം ശാന്തിപുരം സ്വദേശി തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള കടലമ്മ എന്ന ബോട്ടാണ് 19 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്.
പുലർച്ചെ ആറിനാണ് മുതലപ്പൊഴിയിൽ നിന്നും ഇവർ മത്സ്യബന്ധനത്തിനു പോയത്. റേഡിയേറ്ററിന്റെ ഭാഗത്തുണ്ടായ വിടവിലൂടെ വെള്ളം കയറുകയായിരുന്നു. തുടർന്ന്, രക്ഷാപ്രവർത്തനത്തിന് മറൈൻ എൻഫോഴ്സ്മെൻറിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായം തേടി. മണിക്കൂറിലേറെ കഴിഞ്ഞാണ് രക്ഷാപ്രവർത്തനത്തിനായി സ്വകാര്യവള്ളം സ്ഥലത്തെത്തിയത്. പെരുമാതുറ സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള ഫിർദൗസ് എന്ന വള്ളത്തിലാണ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ മാറ്റിയത്.
ചോർച്ച ഉണ്ടായ ബോട്ട് മറൈൻ എൻഫോഴ്സ്മെൻറിന്റെ വള്ളത്തിൽ കെട്ടിവലിച്ചാണ് കരക്കെത്തിച്ചത്. ബോട്ടിലുണ്ടായിരുന്ന 33 പേരിൽ 24 പേരും അന്യസംസ്ഥാന തൊഴിലാളികളാണ്. ശാന്തിപുരം, പെരുമാതുറ സ്വദേശികളാണ് മറ്റു തൊഴിലാളികൾ.
Post Your Comments