ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്നും അനുചിതമായ ആംഗ്യങ്ങള്‍ കാണിച്ചെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി എംപിമാര്‍ പരാതി നല്‍കി. കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശോഭ കരന്ദ്ലാജെയുള്‍പ്പെടെയുള്ള വനിതാ അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് 21 വനിതാ ബിജെപി അംഗങ്ങള്‍ ഒപ്പിട്ട കത്ത് ശോഭ കരന്ദ്ലാജെ സ്പീക്കറുടെ ചേംബറില്‍ സമര്‍പ്പിച്ചു. സഭയിലെ വനിതാ അംഗങ്ങളുടെ അഭിമാനത്തെയും, സഭയുടെ അന്തസ്സിനെയും അപകീര്‍ത്തിപ്പെടുത്തിയ സാഭാംഗത്തിന്റെ പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ കര്‍ശനമായ നടപടി ആവശ്യപ്പെടുന്നു എന്ന് ബിജി അംഗങ്ങൾ കത്തില്‍ പറയുന്നു.
‘പാര്‍ലമെന്റില്‍ ഇത്തരമൊരു സംഭവം ഞങ്ങള്‍ കണ്ടിട്ടില്ല. അദ്ദേഹം സഭയില്‍ കണ്ണിറുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു. ഞങ്ങള്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. ഞങ്ങള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഫ്ലയിങ് കിസ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി കര്‍ശന നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇന്ന് എല്ലാ പരിധികളും കടന്നിരിക്കുന്നു’ കരന്ദ്ലാജെ വ്യക്തമാക്കി.
‘സ്ത്രീവിരുദ്ധനായ ഒരു പുരുഷന് മാത്രമേ പാര്‍ലമെന്റിലെ വനിതാ എംപിമാര്‍ക്ക് ഫ്ലയിങ് കിസ് നല്‍കാന്‍ കഴിയൂ. ഇത്തരമൊരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സ്ത്രീകളെക്കുറിച്ച് അയാള്‍ എന്താണ് ചിന്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. ഇത് അശ്ലീലമാണ്,’ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുകയും രാഹുല്‍ സഭയില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്യുന്ന സമയത്തായിരുന്നു സംഭവം നടന്നത്. എന്നാല്‍, ഈ ദൃശ്യങ്ങൾ സഭാ ക്യാമറയില്‍ പതിഞ്ഞിട്ടില്ല.
Post Your Comments