അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ആഴക്കടലിലാണ് മത്സ്യബന്ധന ബോട്ട് മുങ്ങിത്താഴ്ന്നത്. ബോട്ടിന് അപകടം സംഭവിച്ചുവെന്ന വിവരം കോസ്റ്റ് ഗാർഡിന്റെ സൗത്ത് ഗുജറാത്ത് ദാമൻ ആൻഡ് ദിയു മാരിടൈം റെസ്ക്യൂ സബ് സെന്ററിലേക്ക് ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
അസി.കോംഡിറ്റ് കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകട വിവരം ലഭിച്ച്, കുറഞ്ഞ സമയത്തിനുള്ളിലാണ് കോസ്റ്റ് ഗാർഡിന്റെ കപ്പൽ അപകടമേഖലയിൽ എത്തിച്ചേർന്നത്. മത്സ്യബന്ധന ബോട്ട് പാതി മുങ്ങിയ നിലയിലായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ബോട്ടിൽ നിന്ന് വെള്ളം വലിച്ചു കളയുകയും, ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയുമായിരുന്നു. ബോട്ടിന്റെ 75 ശതമാനം ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയ അവസ്ഥയിലായിരുന്നു.
Post Your Comments