ലഖ്‌നൗ: 1980ലെ മൊറാദാബാദ് വർഗീയ കലാപത്തിന് കാരണം മുസ്ലീം ലീഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. മുസ്ലീം ലീഗ് നേതാക്കളായ ഡോ. ഷമീം അഹമ്മദും ഡോ. ഹമീദ് ഹുസൈനുമാണ് കലാപത്തിന് കാരണമായ കിംവദന്തി പ്രചരിപ്പിച്ചതെന്നാണ് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് മഥുര പ്രസാദ് സക്‌സേന ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കുന്നത്. 83 പേർ മരിക്കാനിടയായ കലാപത്തെ കുറിച്ചുള്ള റിപ്പോർട്ട് നാലു പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് നിയമസഭയിൽ അവതരിപ്പിച്ചത്.
1980 ഓഗസ്റ്റ് 13ന് നടന്ന വർഗീയ കലാപത്തിൽ 83 പേർക്കാണ് ജീവൻ നഷ്ടമായത്. ഈദ് ദിനത്തിൽ ഈദ്ഗാഹിലേക്ക് പന്നികളെ അഴിച്ചുവിട്ടുവെന്നും ഈദ്ഗാഹിലെ വെടിവെപ്പിൽ ധാരാളം മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്നുമുള്ള കിംവദന്തി ഇവർ മനഃപൂർവം പ്രചരിപ്പിച്ചതാണ് കലാപത്തിന് കാരണമായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. കിംവദന്തി പ്രചരിച്ച ശേഷം പൊലീസ് സ്റ്റേഷനുകൾക്കും ആളുകൾക്കും നേരെ ആക്രമണമുണ്ടാകുകയും എതിർവിഭാഗത്തിന്റെ തിരിച്ചടിയുമായപ്പോൾ നഗരം വർഗീയ കലാപത്തിന് സാക്ഷ്യം വഹിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കലാപം നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിനെയും കമ്മീഷൻ ന്യായീകരിച്ചു. സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാർ ഖന്നയാണ് യുപി നിയമസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്.
അക്രമത്തിൽ ആർഎസ്എസിൻറെയോ ബിജെപിയുടെയോ പങ്കോ സാധാരണ മുസ്ലീങ്ങളുടെ പങ്കോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കമ്മീഷൻ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടവും പോലീസും സംയമനം പാലിച്ചുവെന്നും കമ്മീഷൻ വ്യക്തമാക്കി. നാല് പതിറ്റാണ്ടിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. 1980 ആഗസ്റ്റ് 13 ന് ശേഷവും കലാപം തുടർന്നു. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു. ഭൂരിഭാഗം ആളുകളും തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോൾ തെളിയിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
1980 ഓഗസ്റ്റിൽ ആരംഭിച്ച മൊറാദാബാദ് കലാപം 1981 ജനുവരി വരെ നീണ്ടു. അന്ന് വിപി സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാറായിരുന്നു ഭരിച്ചത്. കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി വി പി സിങ് അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എം പി സക്‌സേനയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments