Latest NewsKerala

മെഴുകുതിരി കത്തിക്കാൻ തിക്കുംതിരക്കും: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ, കൂടാരത്തിന് കേടുപാടുകള്‍ സംഭവിച്ചു

പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡില്‍ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെയാണ് അഗ്നിബാധ ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം തിരി കത്തിക്കുന്നതിനിടെയാണ് തീ ആളി പടര്‍ന്നത്.

ഉടൻ തന്നെ പള്ളിയിലെ ജീവനക്കാര്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാല്‍, തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നെത്തിയ വിശ്വശ്രീ ടൂര്‍സ് ആൻഡ് ട്രാവല്‍സാണ് പുതുപ്പള്ളിയിലേയ്ക്ക് യാത്ര സംഘടിപ്പിച്ചത്. ഇതേ രീതിയില്‍ പല ടൂര്‍ ഓപ്പറേറ്റര്‍മാരും പുതുപ്പള്ളിയിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ ജനങ്ങള്‍ ദൈവതുല്യനായി കണ്ടുതുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകള്‍.

ഉമ്മൻചാണ്ടി അന്തരിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഒരു തീര്‍ത്ഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയ്ക്ക് മുന്നിലേയ്ക്ക് ഇന്നും ജനപ്രവാഹമാണ്. സ്നേഹിക്കുന്നവരുടെ മനസില്‍ അദ്ദേഹം ദൈവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവിന് കാരണം ഉമ്മൻ ചാണ്ടിക്ക് മുന്നില്‍ നടത്തിയ പ്രാര്‍ത്ഥനയാണെന്ന് വിശ്വസിക്കുന്നവരും പുതുപ്പള്ളിയിലുണ്ട്. അതേസമയം ഉമ്മൻചാണ്ടിയെ ആരാധിക്കുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button