തലശ്ശേരി: മത്സ്യബന്ധനത്തിനിടെ കടലിൽ തോണികൾ മറിഞ്ഞ് അപകടം. 10 തൊഴിലാളികൾ രക്ഷപ്പെട്ടു. വടകര കൂരിയാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.
വടകര ചോമ്പാല ഹാർബറിൽ നിന്നും ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ആയിത്താൻ മകൻ, പറശ്ശിനി മുത്തപ്പൻ എന്നീ ഫൈബർ തോണികളാണ് അപകടത്തിൽപെട്ടത്. മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് ഇരുതോണികളും മറിയുകയായിരുന്നു.
പുലർച്ച അഞ്ച് മണിക്കാണ് രണ്ട് തോണികളിലായി മത്സ്യബന്ധനത്തിന് പോയതെന്ന് തോണിയിലുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. തോണികൾ അപകടത്തിൽപെട്ട വിവരം വിളിച്ചു പറഞ്ഞിട്ടും തീരദേശ പൊലീസ് സഹായത്തിനെത്തിയില്ലെന്ന് അവർ പറഞ്ഞു.
Read Also : കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
സമീപത്തുണ്ടായിരുന്ന എടക്കാട് നിന്നുള്ള മെഹറാജ്, ന്യൂമാഹിയിലെ കടൽ പറവകൾ, തലായിയിലെ കാർവർണൻ എന്നീ തോണികളിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ട തോണികളിലെ 10 തൊഴിലാളികളെയും രക്ഷപ്പെടുത്തി തലായി ഹാർബറിൽ എത്തിച്ചത്. തോണികളിൽ ഉണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപ വില വരുന്ന മത്സ്യം നഷ്ടപ്പെട്ടു.
ജി.പി.എസ്, സൗണ്ട് സിസ്റ്റം, ബീഞ്ച്, വലകൾ എന്നിവ ഭാഗികമായി നശിച്ചു. കൂരിയാട്ടെ പ്രേമന്റെയും സുമേഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട തോണികൾ.
Post Your Comments