
ഏറ്റുമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഏറ്റുമാനൂർ – അയർക്കുന്നം റോഡിൽ മാടപ്പാട് ഊറ്റക്കുഴിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാടപ്പാട് ക്ലിനിക് നടത്തുന്ന അരുണോദയം വീട്ടിൽ ഡോ. അരുണിന്റെ കാറും എതിർദിശയിൽ നിന്നെത്തിയ പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചതെന്ന് ഡോ. അരുൺ പറഞ്ഞു.
ബൈക്കിൽ രണ്ട് യുവാക്കളാണ് ഉണ്ടായിരുന്നത്. ഇടിയുടെ ശക്തിയിൽ റോഡിലേക്ക് ബൈക്ക് യാത്രക്കാർ തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പരിക്കു പറ്റിയില്ല. ബൈക്കിന്റെ പുറകിലിരുന്ന യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയാറാകാതെ വന്നതോടെ ഏറ്റുമാനൂർ പേരൂർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളിയും സിപിഎം ഊറ്റക്കുഴി ബ്രാഞ്ച് സെക്രട്ടറിയുമായ സതീഷാണ് അപകടത്തിൽപ്പെട്ടവരെ തന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ ബൈക്കും കാറിന്റെ മുൻവശവും തകർന്നു. ഏറ്റുമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Post Your Comments