പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയിൽ വച്ച് നഴ്സ് വേഷത്തിൽ കടന്നു കയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതക രീതി ആസൂത്രണം ചെയ്തതിൽ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിന്റെയും പ്രതി അനുഷയുടെയും മൊബൈൽ ഫോണുകൾ പൊലീസ് സൈബർ വിഭാഗം പരിശോധിക്കുകയാണ്.
സ്നേഹയുടെ ഭർത്താവ് അരുണിനോട് അനുവാദം വാങ്ങിയാണ് പ്രതി അനുഷ പരുമല ആശുപത്രിയിൽ എത്തിയത്. പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയെ കാണാൻ വരും എന്ന് മാത്രമാണ് പറഞ്ഞത് എന്ന് അരുണ്‍ പറയുന്നു. കൊലപാതക ശ്രമം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും അരുൺ പൊലീസില്‍ മൊഴി നല്കി. ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയതിന് തൊട്ടു പിന്നാലെ അനുഷ വാട്സാപ്പ് ചാറ്റുകൾ ക്ലിയർ ചെയ്തിരുന്നു.
അനുഷയും മറ്റാരെങ്കിലുമായി ചേർന്ന് സ്നേഹയെ കൊലപ്പെടുത്താൻ പദ്ധതിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോൺ വിളി രേഖകളും നിർണായകമാണ്. ഇതിനാണ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
Post Your Comments