KeralaLatest NewsNews

ഹോണടിച്ചതിന് കോഴിക്കോട് ന​ഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂര മർദ്ദനം: യുവാവ് അറസ്റ്റില്‍ 

കോഴിക്കോട്: ഹോണടിച്ചതിന് കോഴിക്കോട് ന​ഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂര മർദ്ദനം. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് നിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് പ്രകോപിതനായ യുവാവ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകീട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ ജിദാത്തിന്റെ കാർ തടസം സൃഷ്ടിച്ചു നിൽക്കുകയായിരുന്നു. ഹോണടിച്ചതോടെ പ്രകോപിതനായ ജിദാത്ത് വണ്ടിയിൽ നിന്ന് ഇറങ്ങി വഴക്കിട്ടു. എന്നാൽ ഡോക്ടർ ഇയാളുടെ വാഹനത്തെ ഓവർടേക്ക് ചെയ്ത് മുന്നോട്ടു പോയി. ‌‌

ഇതോടെ ഡോക്ടറുടെ വാഹനത്തെ ജിദാത്ത് പിന്തുടരുകയായിരുന്നു. പിടി ഉഷ റോഡ് ജംഗ്ഷനിലെത്തിയപ്പോൾ മുന്നിൽ കാർ കയറ്റി തടയുകയും ഇറങ്ങിച്ചെന്ന് മർദ്ദിക്കുകയുമായിരുന്നു. വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്ടറെ ഇടിച്ചുവീഴ്ത്തി. തുടർന്ന് കാറിന്റെ ഡോർ തുറന്ന് വലിച്ചുപുറത്തിട്ടും ആക്രമിച്ചു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്ടറെ രക്ഷിച്ച് സമീപത്തെ ഫ്ലാറ്റിലേക്ക് മാറ്റിയത്. നാട്ടുകാർ തടഞ്ഞെങ്കിലും ബഹളത്തിനിടയിൽ ജിദാത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമം കണ്ടവർ നൽകിയ വാഹന നമ്പറും സിസിടിവി ദൃശ്യവും പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറെ ആക്രമിച്ചതിനും വധശ്രമത്തിനുമാണ്   കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button