ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ(എ.എസ്.ഐ) സര്‍വേ ആരംഭിച്ചു. കനത്ത സുരക്ഷയോടെ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച സര്‍വെ ഉച്ചയ്ക്ക് 12 മണി വരെ നീളും. ജില്ലാ മജിസ്ര്‌ടേറ്റും പോലീസ് കമ്മീഷണറുമുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മസ്ജിദ് പരിസരത്ത് എത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമേ മസ്ജിദില്‍ പ്രവേശനമുള്ളൂ. മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു.
പ്രദേശത്ത് ബാരിക്കേഡുകള്‍ കൊണ്ട് മറച്ച് പ്രവേശനം തടഞ്ഞിട്ടുണ്ട്. മസ്ജിദിലേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചു. 100 മീറ്റര്‍ മാറി മാത്രമേ മാധ്യമങ്ങള്‍ നിലയുറപ്പിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. സര്‍വേയുടെ ഭാഗമായി പള്ളിസമുച്ചയത്തില്‍ കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ അഭിഭാഷകസംഘം നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. സുപ്രീംകോടതി വിലക്കിയതിനാലാണിത്.
17-ാം നൂറ്റാണ്ടില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതെന്ന വാദം ശാസ്ത്രീയമായി പരിശോധിക്കാന്‍ ജില്ലാ കോടതി നിര്‍ദ്ദേശിച്ചതിന്റെ ഭാഗമായാണ് സര്‍വെ. പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് പണിതെന്ന വാദം പരിശോധിക്കാന്‍ സര്‍വെയ്ക്ക് ഉത്തരവിട്ട വാരാണസി ജില്ലാകോടതിയുടെ ഉത്തരവ് ന്യായമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
സര്‍വേയില്‍ പള്ളിയുടെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്ന എ.എസ്.ഐ.യുടെ ഉറപ്പ് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുസ്‌ലിംവിഭാഗമായ അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി സര്‍വെ ബഹിഷ്‌കരിച്ചു. പള്ളിയില്‍ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിവിധി വന്നതിനു പിന്നാലെ, ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ വാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചിലാണ് അഭിഭാഷകന്‍ നിസാം പാഷ വിഷയം ഉന്നയിച്ചത്.
Post Your Comments