മലയാളത്തിന്റെ പ്രിയ ഗായകനാണ് ജി വേണുഗോപാൽ. വിദേശ രാജ്യങ്ങളിൽ ഒരിക്കൽ ഷോയ്ക്ക് പോയപ്പോൾ പരിചയപ്പെട്ട ഒരു ടാക്സി ഡ്രൈവറെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് വേണുഗോപാൽ ഇപ്പോൾ.
സോഷ്യൽ മീഡിയ കുറിപ്പ് പൂർണ്ണ രൂപം,
നാല് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു കോളം. യാത്രകൾക്കിടയിൽ, യാത്ര കഴിഞ്ഞും, എന്നെ ചൂഴ്ന്നു നിന്ന സംഭവങ്ങൾ, സ്മരണകൾ.
സമദ്
രാഗാർദ്രമീ ഓർമ്മകൾ
ഓരോ യാത്രയുടെ അവസാനവും പലതിന്റെയും തുടക്കമാവാം.. യാത്രകൾ നമ്മെ പുറം ദേശങ്ങളിലേക്കു മാത്രമല്ല,ചിലപ്പോൾ ഉൾപ്രദേശങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കാറുണ്ട്. അങ്ങനെ ഓരോ യാത്രയും പലപ്പോഴും നമ്മുടെ ഉള്ളം തേടിയുള്ള സഞ്ചാരങ്ങളായി മാറും. വനങ്ങളും ഏഴുസാഗരങ്ങളും മഞ്ഞുമൂടിയ കൊടുമുടികളും ഒക്കെ താണ്ടുമ്പോൾ ഒരു നന്തുണിപ്പാട്ട് ഉള്ളിൽ എവിടെയോ തുടിക്കും. അതിന്റെ താളം തേടി ഉള്ളിലേയ്ക്കുള്ള ഒരൂളിയിടൽ ഞാനറിയാതെ സംഭവിച്ചു പോകുന്നതാണ്. തികച്ചും കരിയറിന്റെ ഭാഗമായും ജോലി ആവശ്യങ്ങൾക്കു വേണ്ടിയും നടത്തുന്ന ഈ യാത്രകളെ പലപ്പോഴും തീർത്ഥയാത്രകളാക്കി മാറ്റുന്നത്, മനസ്സെന്ന ഈ അപഥ സഞ്ചാരിയാണ്.പ്ലെയിനുകളും കാറുകളും കപ്പലുകളും യഥാതഥാ അവയുടെ നിർണ്ണയ പഥങ്ങളിലൂടെ നീങ്ങുമ്പോഴും, മനസ്സ് അതിന്റെ അനിർവചനീയമായ പന്ഥാവിലൂടെ അവർണ്ണനീയങ്ങളായ സത്യങ്ങളിലേയ്ക്കും , ഭീതികളിലേയ്ക്കും സ്വകാര്യദുഃഖങ്ങളിലേയ്ക്കും മനുഷ്യനിൽ ഒളിഞ്ഞു കിടക്കുന്ന ക്രൗര്യ, നന്മ, സ്നേഹ സമ്മിശ്രണങ്ങളിലേയ്ക്കുമൊക്കെ അറിയാതെ കൊണ്ടു ചെന്നെത്തിക്കും.
ഗായകരൊക്കെ അടിക്കടി പോകാറുള്ള ഗൾഫ് ഐക്യ നാടുകളിൽ ഒന്നിലേയ്ക്കായിരുന്നു ആ യാത്ര. പരിപാടിക്ക് തൊട്ടു മുൻപത്തെ ദിവസം എത്തുകയും, അന്ന് ഓർക്കസ്ട്ര റിഹേർസൽ നടത്തുകയും, പിറ്റേന്ന്, പ്രോഗ്രാം ദിവസം സൗണ്ട് സിസ്റ്റം ചെക്ക്, സ്റ്റേജ് പ്രാക്ടീസ്, വൈകുന്നേരം പ്രോഗ്രാം, ഇതൊക്കെയുള്ളതു കാരണം മൂന്നാം ദിവസമാകുമ്പോഴേ ഒന്ന് നേരാംവണ്ണം ശ്വാസംവിടാൻ പോലും സമയം കിട്ടാറുള്ളൂ. അന്ന് വൈകുന്നേരം കോളേജിലെ പൂർവസുഹൃത്ത് അരുണിന്റെ വീട്ടിലാണ് ഭക്ഷണം. അരുൺ എന്നെ ഹോട്ടൽ മുറിയിൽ നിന്ന് പിക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നതിനാൽ വൈകുന്നേരം അഞ്ചു മണിവരെ എനിക്കിഷ്ടം പോലെ സമയമുണ്ടായിരുന്നു. ഒരു നാലരയോട് കൂടി അരുണിന്റെ കോൾ വന്നു. എടാ ഏഴു മണിവരെ ഒഴിച്ചുകൂടാൻ വയ്യാത്തൊരു മീറ്റിംഗ് ഉണ്ട് . നിന്നെ ഹോട്ടലിൽ നിന്ന് പിക്ക് ചെയ്യാൻ ഞാനൊരു ടാക്സി അങ്ങോട്ടയക്കുന്നുണ്ട്, കാർ ഏഴു മണിക്കെത്തും. നീ വീട്ടിലെത്തുമ്പോഴേയ്ക്ക് ഞാൻ കുളിച്ചു റെഡി ആയി നിൽക്കാം.
കൃത്യം ആറേമുക്കാലായപ്പോൾ ഹോട്ടൽ റിസപ്ഷനിൽ നിന്നും ഫിലിപ്പിനോ ചുവയുള്ള കിളിമൊഴി.
സർ, മിസ്റ്റർ സമദ് ഈസ് ഹിയർ ടു പിക്ക് യു അപ്പ്. താഴെയെത്തിയപ്പോൾ, ശരാശരി പൊക്കത്തിൽ ആരോഗ്യദൃഡഗാത്രനായ ഒരു ചെറുപ്പക്കാരൻ, ജീൻസും ടീ ഷർട്ടും ധരിച്ചു നിൽക്കുന്നു. എന്നെ കണ്ടയുടൻ
വേണു സർ,കാർ പോർട്ടിക്കോയിൽ തന്നെയുണ്ട് എന്ന് പറഞ്ഞു എന്നെ വെളിയിലേക്കാനയിച്ചു. പുറകിലെ ഡോർ വിനയാന്വിതനായി തുറന്നു പിടിച്ചു എന്നെ അകത്തിരുത്തി വാതിലടച്ചു, സമദ് ഡ്രൈവേഴ്സ് സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി. സർ, ഒരു പാട്ടു വച്ചോട്ടേ? വീണ്ടും അതേ വിനയ സ്വരം. വച്ചോളൂ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി. കാർ സ്റ്റീരിയോയിൽ നിന്ന് കൈ നിറയെ വെണ്ണ തരാം എന്ന ഗാനം പരന്നൊഴുകി. കാർ ദുബായിലെ വെള്ളിവെളിച്ചം പുതഞ്ഞ നിരത്തിലൂടെ സൗമ്യമായി ഇളകിയൊഴുകാൻ തുടങ്ങി.
സമദിന്റെ ഫേവറിറ്റ് ഗാനമാണെന്നു തോന്നുന്നുണ്ടല്ലോ
സത്യം, സർ. ഇതെന്റെ മാത്രമല്ല, എന്റെ കുടുംബത്തിന്റെയും ഇഷ്ടഗാനമാണ്. ഞങ്ങളുടെ തികച്ചും ഒരു യാഥാസ്ഥിതിക കുടുംബമാണ്. കുട്ടികളെ ഉറക്കാൻ ലാ..ഇലാ— തുടങ്ങിയ ഈണങ്ങളൊക്കെയാണ്. പക്ഷേ എന്റെ മോൾ ഈ പാട്ടു കേട്ടാണ് ഉറങ്ങിക്കൊണ്ടിരുന്നത്
ഭാര്യയോ, എന്റെ കുസൃതിച്ചോദ്യം സമദിന്റെ മുഖഭാഗത്തു ഒരു ചെറു നാണം ഉണ്ടാക്കിയോ? അതോ എന്റെ തോന്നലോ?
ഭാര്യക്കും ഇഷ്ടമാണ് സമദ് ചിരിച്ചു.
മോൾക്കെത്ര വയസ്സായീ?
ഞാൻ നാട്ടിൽ നിന്ന് വരുമ്പോൾ അവൾക്കു മൂന്നര വയസ്സായിരുന്നു. ഇപ്പോൾ ആറര വയസ്സായിട്ടുണ്ട്.
അപ്പോൾ മൂന്നു വർഷമായിട്ടു നാട്ടിൽ പോയിട്ടില്ലേ?
പോകാൻ പറ്റില്ല സർ
എന്തുപറ്റി?
ഒരു നിമിഷം, സമദിന്റെ ബലിഷ്ഠ കരങ്ങൾ സ്റ്റീറിങ്ങിനെ അനായാസമായി വളച്ചു, ഒരു ട്രാഫിക് ലൈറ്റ് താണ്ടി വലത്തേക്ക് കാർ തിരിച്ചു. പാട്ടൊരാവർത്തി കഴിഞ്ഞിരുന്നു. ഞാനിതൊരാവർത്തി കൂടി വച്ചോട്ടേ സർ?
തീർച്ചയായും..എന്താ സമദിനു നാട്ടിൽ പോകാൻ പറ്റാത്തത്?”
സർ, എന്റെ വീട് വടക്കൻ മലബാറുള്ള …..പുരം എന്ന സ്ഥലത്താണ്. സർ കേട്ടുകാണും അവിടുത്തെ പ്രശ്നങ്ങൾ.
ഞാൻ കേട്ടിട്ടുണ്ട്. സ്ഥലപ്പേര് പറഞ്ഞാൽ തന്നെ വർഗ്ഗീയ ലഹളകളും നിഷ്ഠൂരമായ ഒരു കൊലപാതകവും മനസ്സിലേക്കോടി വരും. ഇടതുപക്ഷത്തെ ഏറ്റവും പ്രബലമായ പാർട്ടിയും, മുസ്ലിം പക്ഷത്തെ ഒരു തികഞ്ഞ വർഗ്ഗീയവാദി ഗ്രൂപ്പും കൊമ്പും, വാളും, ബോംബും കോർത്തുല്ലസിച്ച കലാപഭൂമി,ഞാനൊന്നമർന്നിരുന്നു.
സമദിനെന്താ അതുമായി ബന്ധം?
സർ, ഞാൻ സത്യം പറയട്ടെ. സാറിനോടുള്ള ആരാധന എന്നെക്കൊണ്ട് സത്യം മാത്രമേ പറയിക്കൂ, ആ കൊലപാതകക്കേസിലെ ഒരു പ്രതിയാണ് ഞാൻ
എമിരേറ്റ്സ് ഹൈ സ്ട്രീറ്റിലെ വിളക്കുകൾക്കെല്ലാം ചുവപ്പു നിറമാണോ? അതോ എന്റെ തോന്നൽ മാത്രമോ?
ആത്മസംയമനം പാലിച്ചുകൊണ്ട് ഞാൻ ചോദിച്ചു സമദ് എന്താ ചെയ്തത്?
എന്റെ പൾസ് റേറ്റ് അപ്പോൾഒരു മാരത്തോൺ ഓട്ടക്കാരന്റേതുപോലെ മാറിക്കഴിഞ്ഞിരുന്നു.
സമദ് എന്നല്ല എന്റെ യഥാർത്ഥ പേര്. അതിവിടെ ജീവിക്കാൻ വേണ്ടിയുള്ള പേര് മാത്രമാണ്.ഞങ്ങളുടെ കൂട്ടത്തിലുള്ളൊരാളുടെ വീട്ടിൽ കയറി അവരിലൊരുവൻ ഒരു മഹാ വൃത്തികേട് കാണിച്ചു. ഞങ്ങളുടെ പ്രവർത്തകനെ ബന്ധനസ്ഥനാക്കി ഭാര്യയേയും മകളെയും മാനഭംഗപ്പെടുത്തി. അവൻ ഒളിവിൽ പോയി.
ചുറ്റും കണ്ണും കാതുമായി അവന്റെ തിരിച്ചു വരവിനായി ഞങ്ങൾ കാത്തിരുന്നു . വരാതെ എവിടെപ്പോകാൻ?അവന്റെ വീടും ബന്ധുക്കളും ആ നാട്ടിൽ തന്നെയാണ്.
കൈ നിറയെ വെണ്ണ തരാം തീരുമ്പോൾ ഇപ്പോൾ സമദ് എന്റെ അനുവാദമില്ലാണ്ട് റീപ്ലേ ചെയ്തു കൊണ്ടിരുന്നു.
എന്നിട്ട് ? എന്റെ ശബ്ദത്തിൽ ഞാനറിയാതൊരു വിറയൽ പടർന്നു.
അവൻ വരുന്നതിനു മുൻപത്തെ ദിവസം ഞങ്ങൾക്ക് വിവരം കിട്ടി’. കാറിലേക്ക് ചീളിയെത്തുന്ന വെളിച്ചത്തിൽ എനിക്ക് സമദിന്റെ മുഖം ഒരു ഭാഗം കാണാം. എന്തായിരുന്നു ആ കണ്ണിലപ്പോൾ? ദൃഢനിശ്ചയം, ഏകാഗ്രത, ക്രൗര്യം?
കൊലപാതകമാണോ ഇതിനൊക്കെ മറുപടി? എന്റെ ശബ്ദം തിരിച്ചറിയാൻ പറ്റാത്തപോലെ നേർത്തു പോയിരുന്നു. ഇതൊക്കെയുണ്ടെങ്കിലേ ഞങ്ങളുടെ ആൾക്കാർക്ക് അവിടെ സ്വൈര്യമായി ജീവിക്കാൻ സാധിക്കുകയുള്ളൂ. മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ കോണിൽ ഒരൊറ്റ മുറിയായിരുന്നു അവന്റെ സങ്കേതം.അവരുടെ ആൾക്കാർ വരുന്നതും പോകുന്നതും ഞങ്ങൾ അറിഞ്ഞിരുന്നു. രണ്ടു ദിവസങ്ങൾ കൊണ്ട് അവന്റെ ദിനചര്യ, കാവലാളുകൾ വരുന്നതും അവരൊഴിയുന്നതുമായ സമയം, ഇതൊക്കെ ഞങ്ങൾക്ക് ഹൃദിസ്ഥമായി.
എന്റെയടുത്ത ചോദ്യം ഞാനറിയാതെയാണ് പുറത്തു വന്നത്.
എങ്ങനെ ഒരു മനുഷ്യനെ പച്ചയ്ക്കു കൊല്ലാൻ സാധിക്കുന്നു സമദ്?
ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം.
അതെളുപ്പമാണ് സർ. കൃത്യനിർവഹണം എപ്പോഴും എളുപ്പമാണ്. പ്ലാനിംഗ് ആണ് ശ്രമകരം. അത് ശരിയായാൽ, മറ്റെല്ലാം കിറുകൃത്യമായി നടക്കും. കാവൽക്കാർ ഒഴിഞ്ഞ സമയം നോക്കി ഞങ്ങൾ തലങ്ങും വിലങ്ങും ബോംബെറിഞ്ഞു ഭീതിപരത്തി. അവന്റെ താമസ സ്ഥലത്തിന് മുന്നിലും പിന്നിലും ഞങ്ങളുടെ ആളുകൾ തയ്യാറായിരുന്നു . പുറത്തു നിന്നെതിർപ്പു വന്നാൽ നേരിടാൻ ഏറ്റവും ഔട്ടർ റിങ്ങിൽ നാല് പേര്. കൃത്യം നടത്താൻ നാല് പേര്. മാളം പുകയ്ക്കുമ്പോൾ പുറത്തു ചാടിയ പാമ്പിനെപ്പോലെ അവൻ വീട്ടിൽ നിന്നറങ്ങി ഉറക്കെ നിലവിളിച്ചു കൊണ്ട് ഇടുങ്ങിയ വഴിയിലേക്കോടി. കുതികാൽ വെട്ടി വീഴ്ത്താൻ ഒരാൾ. മർമ്മ സ്ഥാനങ്ങൾ നോക്കി വെട്ടാൻ മറ്റു രണ്ടുപേർ. മുറിവിലേക്കു പൂഴിമണൽ വാരി വിതറാൻ നാലാമൻ. പിടഞ്ഞു മരിക്കാറായ അവന്റെ ജനനേന്ദ്രിയം ഛേദിച്ചു അവന്റെ വായിൽ വച്ചിട്ടേ ഞങ്ങൾ തിരിച്ചു പോയുള്ളു
വെളിയിലെ ചുട്ടു പഴുത്ത ചൂടിനിടയിൽ ഒരു കൊള്ളിയാൻ മിന്നി. കാറിന്റെ ശീതീകരിച്ച തണുപ്പിൽ, എന്റെ ശരീരം വിയർത്തു കുളിച്ചു. രക്തം കട്ടയായതുപോലെ. സമദിന്റെ ബലിഷ്ഠ കരങ്ങളിൽ ഇപ്പോൾ സ്റ്റിയറിംഗ് അല്ല, ഇരുതല മൂർച്ചയുള്ള വടിവാളാണെന്നെനിക്കു തോന്നി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചുതുറന്നു.
ഇത് സ്വപ്നമോ? യാഥാർഥ്യമോ? ദൈവമേ, സ്വപ്നമായിരിക്കണമേ!
സർ, മിർദ്ദിഫിൽ സാറിന്റെ ലൊക്കേഷൻ എത്തി.ഇതാണ് വില്ല നമ്പർ പതിനാറ്. ഇവിടങ്ങളിൽ വില്ലയുടെ വാടക താങ്ങാൻ അധികമാർക്കും പറ്റില്ല. ഈ പാട്ടന്റെ ജീവനാണ്. എന്റെ മോൾക്ക് വയറിനസുഖം വന്നു ആശുപത്രിയിൽ കൊണ്ടുപോയി ഇഞ്ചക്ഷൻ എടുത്തു തിരിച്ചു പോരുമ്പോൾ കരച്ചിൽ നിർത്താൻ മൊബൈലിൽ ഞാൻ ഈ പാട്ടു വയ്ക്കും. അതുകേട്ടവൾ വേദനക്കണ്ണീരിനിടയിലൂടെ പുഞ്ചിരിക്കും”.
സമദ് വീണ്ടും പഴയ സ്നേഹനിധിയായ അച്ഛനും കുടുംബസ്ഥനുമായി മാറി. കൃഷ്ണനെക്കുറിച്ചുള്ള ഒരു സോഫ്റ്റ് മെലഡി മൂളുന്ന, വീട്ടുകാരെക്കുറിച്ചോർക്കുമ്പോൾ മനസ്സും കണ്ണും കലങ്ങുന്ന സമദ്.ഇയാൾക്കെങ്ങനെ ഒരു ക്രൂരകൃത്യം ചെയ്യാൻ കഴിഞ്ഞു.ഒരു മനുഷ്യന്റെ എത്രയെത്ര അവസ്ഥാന്തരങ്ങൾ!!
വില്ലയുടെ പുറത്തു വെളിച്ചം തെളിഞ്ഞു. വാതിൽ തുറക്കുന്ന ശബ്ദം.
സമദിന്റെ പരുക്കൻ കരങ്ങൾ എന്റെ വലതു കൈ മുറുകെ പുണർന്നു. ഇപ്പോൾ കൈകളുടെ മുറുക്കം മാത്രമല്ല ശ്വാസം പോലും മുട്ടുന്നതായി എനിക്ക് തോന്നി. സമദ് എന്റെ വലം കൈ അവന്റെ ചുണ്ടോടു ചേർക്കാൻ ശ്രമിക്കുകയാണ്. മനസ്സിന്റെ ഉപബോധ തലങ്ങളിൽ എവിടെയോ ഒരു തികട്ടൽ. എന്റെ കൈ ശക്തിയായി കുടഞ്ഞ് വേർപെടത്തിയത് ഞാൻ തന്നെയാണോ എന്നൊരു സംശയം.
പുറകിൽ അരുണിന്റെ ശബ്ദം ആ നീ കുറെ നേരമായോ വന്നിട്ട്? കാർ വെയിറ്റ് ചെയ്യണ്ടേ നിന്നെ തിരിച്ചു വിടാൻ?
വേണ്ടെടാ, നീ തന്നെ ഡ്രൈവ് ചെയ്തു എന്നെ തിരികെ വിട്ടാൽ മതി.എന്റേത് ഒരപേക്ഷയായിരുന്നു
ടാക്സി ബില്ല് കൊടുക്കാൻ അരുൺ സമദിനടുത്തേയ്ക്കു ചെന്നു .
വേണു സാറെ, ഞാൻ പോട്ടേ? സാർ എന്നെയോർക്കണമെന്നൊരിക്കലും ഞാൻ പറയില്ല. പക്ഷെ എനിക്ക് സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ല
റിവേഴ്സ് എടുത്തു പോകുന്ന കാറിൽ നിന്നും കൈ നിറയെ വെണ്ണ തരാം… ഞങ്ങളുടെ കാതുകളിൽ നേർത്തു നേർത്തു ദുർബ്ബലമായി തീരുന്നുണ്ടായിരുന്നു.
-VG
Post Your Comments