പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്നു ഭാര്യ അഫ്‍സാന വിവരിക്കുന്ന വീഡിയോ പുറത്തുവിട്ട് തങ്ങളുടെ ഭാഗം ന്യായീകരിച്ച് പോലീസ്. തെളിവെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. നൗഷാദിന്റെ ഭാര്യ അഫ്‌സാന സാഹചര്യങ്ങള്‍ വിവരിക്കുന്നതാണ് വീഡിയോയിലുള്ളത്. നാലുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പോലീസ് പുറത്തുവിട്ടത്. നൗഷാദ് തിരോധാനക്കേസില്‍ പ്രതിക്കൂട്ടിലായതോടെയാണ് തങ്ങളുടെ ഭാഗം വിശദീകരിച്ച് പോലീസ് രംഗത്ത് വന്നത്.
ഇരുപത് മാസം മുന്‍പ് ഒരു ദിവസം രാത്രി നൗഷാദിനെ മർദ്ദിച്ച സംഭവം വിശദീകരിക്കുകയായിരുന്നു അഫ്‌സാന. അന്ന് കഴുത്തിന് കുത്തിപ്പിടിച്ച് നൗഷാദ് തന്നെ മർദ്ദിച്ചിരുന്നുവെന്നും, തുടർന്ന് നൗഷാദിനെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അഫ്‌സാന വിശദീകരിക്കുന്നത്. തന്റെ മർദ്ദനത്തിൽ നൗഷാദിന് ബോധം നഷ്ടപ്പെട്ട് തറയില്‍ വീണെന്നും അവര്‍ വിശദീകരിക്കുന്നു. സംഭവമറിഞ്ഞ രാജേഷ് എന്നയാള്‍ സ്ഥലത്തെത്തുകയും മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതശരീരം കുഴിച്ചുമൂടുകയായിരുന്നു എന്നുമാണ് യുവതി പോലീസിനോട് പറയുന്നത്.
അതേസമയം, ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെ താന്‍ കൊലചെയ്തുവെന്ന് സമ്മതിക്കേണ്ട ദുരവസ്ഥ തനിക്ക് വന്നത് പൊലീസിന്റെ കൊടിയ മര്‍ദനത്തെ തുടർന്നാണെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം അഫ്‌സാന ആവർത്തിച്ചിരുന്നു. പൊലീസ് തന്നെ മര്‍ദിച്ചത് ക്യാമറയില്ലാത്ത സ്ഥലത്തുവച്ചായിരുന്നുവെന്ന് അഫ്‌സാന പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും പൊലീസുകാര്‍ രാത്രി ഉറങ്ങുകയും ചെയ്യുന്ന മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നും, സ്റ്റേഷന് അകത്തും പുറത്തുമായി പന്ത് തട്ടുന്നത് പോലെ തന്നെ തട്ടിക്കളിച്ചുവെന്നും അഫ്‌സാന പറഞ്ഞു.
Post Your Comments