Latest NewsIndiaNews

ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലിയുള്ള തര്‍ക്കം: പത്താം ക്ലാസുകാരനെ ഉറ്റസുഹൃത്ത് കുത്തിക്കൊന്നു

കാൻപൂര്‍: ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് 15കാരനെ ഉറ്റസുഹൃത്ത് കുത്തിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ബിദ്നു ഭാഗത്തെ ഗോപാല്‍പുരിയിലെ സ്വകാര്യ സ്കൂളിലായിരുന്നു ദാരുണ സംഭവം നടന്നത്.

ക്ലാസ് ഉച്ച ഭക്ഷണത്തിനായി ഇടവേള നല്‍കിയ സമയത്തായിരുന്നു 13കാരനായ വിദ്യാര്‍ത്ഥി പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. 15കാരന്‍ കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടതോടെയാണ് 13കാരന്‍റെ ക്ലാസിലെത്തിയത്. നാല് ദിവസം മുന്‍പ് ഇരുവരും തമ്മില്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോടുള്ള ചങ്ങാത്തത്തിന്‍റെ പേരില്‍ വാക്കേറ്റമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലത്തെ ഇടവേളയിലും ഇവര്‍ തമ്മില്‍ തർക്കമുണ്ടായി. ഉച്ചഭക്ഷണ സമയത്തെ വാക്കേറ്റത്തിനിടയില്‍ ബാഗില്‍ കരുതിയിരുന്ന കത്തി എടുത്ത് 13കാരന്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി കുത്തേറ്റിട്ടുണ്ട്. 15കാരന്‍റെ നിലവിളി കേട്ട് ക്ലാസിലേക്കെത്തിയ സഹപാഠികളാണ് ആക്രമണത്തേക്കുറിച്ച് അധ്യാപകരെ അറിയിച്ചത്.

കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏകമകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസിപി ദിനേഷ് ശുക്ള വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button