തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്കുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.
വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ യുവാവ് കൊണ്ട് പോകുന്നതായി കണ്ടെത്തി.
പിന്നാലെ മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments