ആലുവ പെൺകുട്ടിയുടെ കൊലപാതകം: രേവത് ബാബു കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി

ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി. ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. മതസ്പർദ്ദ ഉണ്ടാക്കാനും സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനും രേവത് ശ്രമിച്ചുവെന്നും പരാതിയിൽ ആരോപണമുണ്ട്. ആലുവ റൂറൽ എസ്‌പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ അച്ഛൻ രംഗത്തെത്തി. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണമെന്ന് പറഞ്ഞ അദ്ദേഹം, പോലീസിനും സർക്കാരിനുമെതിരെ പരാതിയില്ലെന്നും വ്യക്തമാക്കി.

‘പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ’, അച്ഛൻ പറഞ്ഞു.

പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമർശനത്തിനിടെ, ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇന്ന് കുടുംബത്തെ സന്ദർശിച്ചിരുന്നു. എന്തിനും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്ന സമീപനം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം രാഷ്ട്രീയ വത്കരിക്കരുത് എന്നും, മന്ത്രിമാർ സന്ദർശിച്ചില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment