Latest NewsKeralaNews

മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി: രക്ഷപ്പെടുത്തിയത് ഭിക്ഷാടനമാഫിയയുടെ പിടിയില്‍ നിന്ന്

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ വലയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെ രണ്ടുവർഷത്തിന് ശേഷമാണ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയത്.

2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസിന്റെയും നിലമ്പൂർ ഡിവൈഎസ്പിയുടെയും മേൽനോട്ടത്തിൽ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം നീണ്ട പോലീസിന്റെ പ്രയത്നമാണ് ഫലം കണ്ടതെന്ന് പോലീസ് പറഞ്ഞു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ കോയമ്പത്തൂരിൽ നിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.

പോത്തുകൽ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സോമൻ, എസ് സിപിഒ രാജേഷ്, സിപിഒമാരായ അഖിൽ, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button