കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നടുക്കത്തിലാണ് കേരളം. കഴിഞ്ഞ ദിവസം കാണാതായത് മുതൽ കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടണേ എന്ന പ്രാർത്ഥനയിലായിരുന്നു എല്ലാവരും. എന്നാൽ, എല്ലാ കാത്തിരിപ്പുകളും വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേരള പോലീസിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അശ്വതി അമ്മ എന്ന സ്ഥാനത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മരണം ഉൾക്കൊള്ളാൻ തനിക്ക് ആകുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേർ അശ്വതിയുടെ കുറിപ്പിനെ അനുകൂലിച്ചു. കഠിനമായ ശിക്ഷ രാജ്യത്ത് ഇല്ലാത്തതാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമെന്നും കമന്റുകളുണ്ട്.
‘പൊന്നുമോളെ… നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞ് ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ..? ആരെങ്കിലും ഒരാൾക്ക് ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..?’, എന്നാണ് അശ്വതി കുറിച്ചത്.
Post Your Comments