സിനിമാ പൈറസി തടയാൻ ലക്ഷ്യമിട്ടുള്ള സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ 2023 പാസാക്കി രാജ്യസഭ. സിനിമകളുടെ പൈറേറ്റഡ് പകർപ്പുകൾ നിർമ്മിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവും ഒരു സിനിമയുടെ നിർമ്മാണ ചെലവിന്റെ 5% വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ ആണ് പാസാക്കിയത്. സിനിമാ വ്യവസായത്തെ സഹായിക്കുന്നതിനും ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കൂടിയുള്ള ബിൽ ആണിത്. 1952ലെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബിൽ-2023, 10 വർഷത്തെ സാധുത കാലയളവ് ഒഴിവാക്കി ശാശ്വത സാധുതയുള്ള സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) അനുവദിക്കാനും നിർദ്ദേശിക്കുന്നുണ്ട്. ‘യുഎ’ വിഭാഗത്തിന് കീഴിൽ ‘യുഎ 7+’, ‘യുഎ 13+’, ‘യുഎ 16+’ എന്നിങ്ങനെ മൂന്ന് പ്രായാധിഷ്‌ഠിത സർട്ടിഫിക്കേഷനുകൾ അവതരിപ്പിക്കാനും സിബിഎഫ്‌സിക്ക് പ്രത്യേക സർട്ടിഫിക്കറ്റ് സഹിതം സിനിമ അനുവദിക്കുന്നതിന് അധികാരം നൽകാനും ബിൽ നിർദേശിക്കുന്നു. ഫിലിം പൈറസി തടയുന്നതിനുള്ള ശ്രമത്തിൽ, സിനിമകളുടെ അനധികൃത റെക്കോർഡിംഗും (വിഭാഗം 6AA), അവയുടെ പ്രദർശനവും (വിഭാഗം 6AB) നിരോധിക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് പുതിയ ബിൽ.
പൈറസി മൂലം സിനിമാ വ്യവസായത്തിന് പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് രാജ്യസഭയിൽ ബില്ലിനെക്കുറിച്ചുള്ള ഹ്രസ്വ ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഇപ്പോൾ 10 വർഷത്തേക്ക് മാത്രം സാധുതയുള്ള സിബിഎഫ്‌സി നൽകുന്ന സർട്ടിഫിക്കറ്റുകൾ ബിൽ നിയമമായതിന് ശേഷം ശാശ്വതമായി സാധുവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘എ’ അല്ലെങ്കിൽ ‘എസ്’ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നതിനായി ഉചിതമായ മാറ്റങ്ങൾ വരുത്തിയ ശേഷം ‘യുഎ’ സർട്ടിഫിക്കേഷനായി മാറ്റാൻ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
Post Your Comments