ഡൽഹി: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹെയ്മർ’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പൺഹെയ്മറുടെ ബയോപികാണ് ചിത്രം. ചിത്രത്തിനെതിരെ പരാതിയുമായി സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ രംഗത്തെത്തിയിരുന്നു. ലൈംഗിക ബന്ധത്തിനിടെ ഭഗവത്ഗീത വായിക്കുന്ന രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ചിത്രത്തിലെ ഈ രംഗത്തിനെതിരെ അതൃപ്തി അറിയിച്ച് എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
ലൈംഗിക ബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കം ചെയ്യണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഇത്തരമൊരു രംഗം പ്രദർശിപ്പിക്കാൻ എങ്ങനെയാണ് സെൻസർ ബോർഡ് അനുവാദം നൽകിയതെന്ന് മന്ത്രി ചോദിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചിത്രത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഭഗവത് ഗീത ഉറക്കെ വായിക്കാൻ പ്രേരിപ്പിക്കുന്ന രംഗം ഉൾപ്പെട്ടിട്ടുണ്ടെന്നും ഹിന്ദുമതത്തെ ആക്രമിക്കുന്ന രംഗങ്ങളാണ് ഇവയെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആരോപിച്ചിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇക്കാര്യം അടിയന്തരമായി അന്വേഷിക്കുകയും ബന്ധപ്പെട്ടവരെ കർശനമായി ശിക്ഷിക്കുകയും വേണമെന്ന് സംഘടനാ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Post Your Comments