അഹമ്മദാബാദ്: വിദ്യാർത്ഥികളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനായി ഗുജറാത്ത് സർക്കാർ ‘ഭഗവദ് ഗീത’യെക്കുറിച്ചുള്ള അനുബന്ധ പാഠപുസ്തകം പുറത്തിറക്കി. സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വര്‍ഷം മുതലാണ് ഭഗവദ്ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കുക. നിലവില്‍ ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകമാണ് പുറത്തിറക്കിയിട്ടുള്ളത്.
മൂന്ന് വർഷം മുമ്പ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തത്വങ്ങളുമായി ഈ തീരുമാനം യോജിക്കുന്നുവെന്ന് ഗുജറാത്ത് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുൽ പൻഷേരിയ വെള്ളിയാഴ്ച പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗീത ജയന്തി ദിനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പുസ്തകം പുറത്തിറക്കിയത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകവും ഉടന്‍ പുറത്തിറങ്ങും.
രാജ്യത്തിന്റെ വൈവിധ്യപൂര്‍ണവും പുരാതനവുമായ സംസ്‌കാരത്തെ അടുത്തറിയാന്‍ ഭഗവത്ഗീത പഠനം കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ‘ശ്രീമദ് ഭഗവദ് ഗീത’യിൽ നിന്നുള്ള ആത്മീയ തത്വങ്ങളും മൂല്യങ്ങളും ഒരു അനുബന്ധ പാഠപുസ്തകമായി ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി പൻശേരിയ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
Post Your Comments