കോട്ടയം: തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. പഴയാറ്റ് ജേക്കബ് എബ്രഹാമിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്.
ശനിയാഴ്ച പകലാണ് കവർച്ച നടന്നത്. ജേക്കബ്, ഭാര്യ ലില്ലിക്കുട്ടി, മരുമകൾ അലീന എന്നിവർ രാവിലെ പത്തിന് പുറത്തേക്ക് പോയിരുന്നു. രാത്രി എട്ടിന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
സമീപവാസികൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾ തിരിച്ചെത്തിയതാകുമെന്ന നിഗമനത്തിലായിരുന്നു.
Read Also : ഏകീകൃത സിവിൽ കോഡ്: മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സെമിനാറില്‍ സിപിഎം പങ്കെടുക്കും
അലമാരയ്ക്കുള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. സ്വർണാഭരണങ്ങൾ ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവ കൃത്യമായി തരംതിരിച്ച് വീട്ടിൽത്തന്നെ ഉപേക്ഷിച്ചു.
അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിന്റെ മകൻ അബിയുടെ വിവാഹം. വിവാഹശേഷം സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജേക്കബും ഭാര്യയും ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ കഴിഞ്ഞദിവസം ലോക്കറിൽ നിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയടക്കമാണ് മോഷണം പോയത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Post Your Comments