Latest NewsKeralaIndiaNews

മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, കേന്ദ്ര സർക്കാരിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ് എസ്.എഫ്.ഐ. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ബാനറിനെതിരെ സന്ദീപ് വാചസ്പതി രംഗത്ത്.

‘മത തീവ്രവാദികൾ മണിപ്പൂരിൽ നമ്മുടെ സഹോദരിമാരോട് കാണിച്ച കാട്ടാളത്തത്തെ എതിർക്കാൻ സ്വന്തം അമ്മയുടെ ഫോട്ടോ വെച്ച് പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ. ആലപ്പുഴ എസ്. ഡി കോളേജിൻ്റെ മുന്നിൽ നിന്നുള്ള കാഴ്ച’, സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ബാനറിൽ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ‘ഒരു ജനത റേപ്പ് ചെയ്യുകയാണ്, റേപ്പ് അതിന്റെ സാംസ്കാരിക ചിഹ്നമാവുകയാണ്’ എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.

അതേസമയം, മണിപ്പൂരിലെ സംഭവത്തിലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ വീട് കത്തിച്ചത്. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.

26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രാജ്യവ്യാപക പ്രതിക്ഷേധത്തിന് കാരണമായി. മെയ് 3 നാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മാസത്തിന് ശേഷമാണ് ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നത്. ഇന്റർനെറ്റ് നിരോധനം നീക്കിയതോടെ വീഡിയോ വൈറലാകുകയായിരുന്നു. അതേസമയം വീഡിയോയ്ക്കെതിരെ മണിപ്പൂർ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും വധശിക്ഷ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യാഴാഴ്ച പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button