ആലപ്പുഴ: ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മതത്തിന് അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവില്‍കോഡ് വന്നാല്‍ നീതിന്യായ സംവിധാനം കുറെക്കൂടി കാര്യക്ഷമമാകുമെന്നും ഇത് നടപ്പാക്കരുതെന്ന് പറയുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പതിറ്റാണ്ടുകളായി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യക്തിനിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉണ്ടാകുന്ന കേസുകള്‍ ഇതോടെയില്ലാതാകുമെന്നും കോടതി വ്യവഹാരങ്ങള്‍ ലളിതമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘സങ്കീര്‍ണമായ വ്യക്തി നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് നീതിക്ക് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ല. എതിര്‍പ്പുകള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡിൽ ആശങ്കയുള്ള മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി ആശയ വിനിയമത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം,’ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
Post Your Comments