കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ, വളവുകൾ ഉടൻ നിവർത്തും

നാല് സെക്ഷനുകളിലായാണ് വളവുകൾ നിവർത്തുക

കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 288 വളവുകൾ നിവർത്താനാണ് റെയിൽവേയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളവുകൾ നിവർത്തുന്നതോടെ, 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്നതാണ്. ഇതിനായി 307 കിലോമീറ്റർ വരുന്ന ഷൊർണൂർ-മംഗളുരൂ റീച്ചിലെ വളവുകൾ ഒരു വർഷത്തിനകം നിവർത്തുന്നതാണ്.

കേരളത്തിലൂടെ ഓടുന്ന വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളുടെ അടിസ്ഥാന വേഗം 110 കിലോമീറ്റർ വരെയാണ്. നാല് സെക്ഷനുകളിലായാണ് വളവുകൾ നിവർത്തുക. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചിട്ടുണ്ട്. ഷൊർണൂർ – കോഴിക്കോട് റീച്ചിലെ 86 കിലോമീറ്റർ പാതയിൽ 81 വളവുകളും, കോഴിക്കോട് – കണ്ണൂർ റീച്ചിൽ 89 കിലോമീറ്റർ പാതയിൽ 84 വളവുകളുമാണ് ഉള്ളത്. കണ്ണൂർ-കാസർഗോഡ് റീച്ചിൽ (86 കിലോമീറ്റർ) 85 വളവുകളും, കാസർഗോഡ്-മംഗളൂരു റീച്ചിൽ (46 കിലോമീറ്റർ) 38 വളവുകളുമുണ്ട്. ഇവയിൽ കാസർഗോഡ്-മംഗളൂരു പ്രവൃത്തി 8 മാസത്തിനുള്ളിലും, ബാക്കി മൂന്ന് റീച്ചുകൾ 12  മാസത്തിനുള്ളിലും പൂർത്തിയാക്കും.

Also Read: താൽക്കാലികമായി ഷാജന്റെ അറസ്റ്റ്‌ തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്‌, എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ലെന്നല്ല- അൻവർ

Share
Leave a Comment