തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം യുജിസി ചട്ടപ്രകാരം ഏറ്റവും ഗുരുതര നിലയിലുള്ള കോപ്പിയടിയെന്നാണ് ആരോപണം. രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ 60 ശതമാനത്തിനു മുകളിലുള്ള കാര്യങ്ങളും മറ്റെവിടെ നിന്നോ പകർത്തിയതാണെന്നാണ് ആരോപണം. അങ്ങനെ പകർത്തുന്നതിനെ ഏറ്റവും ഗുരുതരമായി പരിഗണിക്കുന്ന ലവൽ 3 കോപ്പിയടിയായാണ് പരിഗണിക്കുന്നത്.
അതു സംബന്ധിച്ചുള്ള കാര്യങ്ങൾ സർവകലാശാലയും സ്ഥിരീകരിച്ചാൽ പ്രബന്ധം പിൻവലിക്കണമെന്നാണു യുജിസി ചട്ടം. മാത്രമല്ല അധ്യാപക ജോലിയുണ്ടെങ്കിൽ അതിൽ നിന്നു പുറത്താകും. എന്നാൽ ഗവേഷണ പ്രബന്ധം സ്വന്തമായി തയാറാക്കിയതാണെന്നും പകർത്തിയതല്ലെന്നും ഗവേഷകൻ തന്നെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കോപ്പിയടി തെളിഞ്ഞാൽ സർവകലാശാലയ്ക്കു വഞ്ചനക്കുറ്റത്തിനു നിയമ നടപടിയും സ്വീകരിക്കാം.
മൈസൂർ സർവകലാശാലയിലായിരിക്കെ എംജി സർവകലാശാലയിലടക്കം വൈവ പരീക്ഷയ്ക്ക് എക്സാമിനറായി എത്തിയിരുന്ന പ്രഫ.കെ.വി.നാഗരാജൻ ആണു രതീഷിന്റെ ഗവേഷണ ഗൈഡ് ആയത്. എംജി സർവകലാശാല വിദ്യാർത്ഥിയായിരുന്നു രതീഷും. പ്രഫ.നാഗരാജൻ അസം സർവകലാശാലയിൽ പ്രോ വൈസ് ചാൻസലറായി പോയ ഘട്ടത്തിലാണു തലശേരി ഗവ.ഗേൾസ് എച്ച്എസ്എസിലെ അധ്യാപകനായിരുന്ന രതീഷും അവിടെ ഗവേഷണത്തിനു റജിസ്റ്റർ ചെയ്തത്.
അസം സർവകലാശാലയിലെ വിദഗ്ധർ പ്രബന്ധം വിശദമായി പരിശോധിച്ച ശേഷം ഏകകണ്ഠമായാണു പിഎച്ച്ഡി നൽകിയതെന്നാണ് രതീഷിന്റെ മറുപടി. എന്നാൽ, പ്രബന്ധത്തിലെ ഭൂരിഭാഗവും രതീഷിന്റെ സുഹൃത്തു കൂടിയായ ആർ.വി.രാജേഷ് മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണത്തിനു വ്യക്തമായ മറുപടിയില്ല. യുജിസി അംഗീകരിച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ രതീഷിന്റെ പ്രബന്ധത്തിലെ 5 അധ്യായങ്ങളിലും 62% – 95% കോപ്പിയടിയുണ്ടെന്നാണു കെഎസ്‌യുവും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും ആരോപിക്കുന്നത്. ചാർട്ടുകളും ലേ ഔട്ടും വരെ കോപ്പിയടിച്ചെന്നും അക്ഷരത്തെറ്റു പോലും ആവർത്തിക്കപ്പെട്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
‘കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ സാമൂഹിക പഠന രീതിയുടെ ഫലപ്രാപ്തി’ എന്നതാണ് രാജേഷിന്റെ ഗവേഷണ വിഷയമെങ്കിൽ ‘കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ മാധ്യമ പഠന രീതിയുടെ ഫലപ്രാപ്തി’ എന്നതാണ് രതീഷിന്റെ വിഷയം. രതീഷ് കാളിയാടന്റെ പിഎച്ച്ഡി വിവാദത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു കത്ത് നൽകി.
Post Your Comments