Latest NewsKerala

ഭർത്താവ് അയക്കുന്ന പണം ഉൾപ്പെടെ കടം കൊടുത്തത് തിരികെ നൽകിയില്ല, ശ്രീദേവി ജീവനൊടുക്കിയതിന് പിന്നാലെ പ്രമോദ് ഒളിവിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വണ്ടിപ്പെരിയാർ സ്വദേശിനി ശ്രീദേവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ സുഹൃത്തിൻറെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണെന്ന ആരോപണവുമായി ഭർത്താവും ബന്ധുക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു വണ്ടിപ്പെരിയാർ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം വീട്ടിലാണ് ശ്രീദേവിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശ്രീദേവി കുടുംബ വീട്ടില്‍ വരുന്ന അവസരങ്ങളിൽ മുന്‍കാല സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിൻ്റെ വാഹനമാണ് വിളിച്ചിരുന്നത്. ആശുപത്രി ആവശ്യങ്ങള്‍ ഉണ്ടാകുമ്പോഴും ഈ വാഹനം തന്നെയാണ് ശ്രീദേവി ആശ്രയിച്ചിരുന്നതും. ഇത് പ്രമോദിൻ്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയായിരുന്നു എന്നാണ് ആരോപണം.

ഇതിനെച്ചൊല്ലി പ്രമോദിൻ്റെ ഭാര്യ സ്മിത ശ്രീദേവിയെ നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു എന്നും അവർ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു ശ്രീദേവിയും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക് സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കു പിന്നാലെ നടന്ന പരിശോധനയിൽ ശ്രീദേവിയുടെ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഈ കുറിപ്പിലാണ് മുൻ സുഹൃത്തിനും അയാളുടെ ഭാര്യയ്ക്കും എതിരെ ആരോപണമുള്ളത്.

ഇതിനിടെ പ്രമോദ് പലപ്പോഴായി ശ്രീദേവിയില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ പണം അയാൾ തിരിച്ച് കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സ്വര്‍ണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ശ്രീദേവി എടുത്തിരുന്നു. എന്നാല്‍ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ലെന്നാണ് വിവരം. ശ്രീദേവി സ്വർണ്ണം പണയം വച്ച് പണമെടുത്ത് പ്രമോദിന് നൽകിയിരിക്കാമെന്നാണ് ഭർത്താവും ബന്ധുക്കളും സംശയിക്കുന്നത്. മാത്രമല്ല ശ്രീദേവി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവില്‍ പോകുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button