ഇടുക്കി: ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ നയൻ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമ ജീവിതം. ജെനിയുടെ വിരമിക്കൽ ചടങ്ങുകൾ ഡോഗ് സ്‌ക്വാഡിൽ നടന്നു.
സർവ്വീസിൽ നിന്നും വിരമിച്ചശേഷം പരിപാലിക്കുന്നതിനായി ജെനിയുടെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാബു പി.സി വകുപ്പുതല അനുവാദത്തോടെ ഇടുക്കി ജില്ലാപോലീസ് മേധാവി വി.യു കുര്യാക്കോസിൽ നിന്നു ജെനിയെ ഏറ്റുവാങ്ങി. ഇനി എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിൽ ആകും ജെനി വിശ്രമജീവിതം നയിക്കുക.
2014-2015 വർഷത്തിൽ തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ നിന്നു പ്രാഥമിക പരിശീലനം പൂർത്തീകരിച്ച ജെനി 2015 ജനുവരി മുതൽ 2023 ജൂലൈ വരെ ഇടുക്കി ജില്ലയിൽ സേവനം ചെയ്തു. 2015 വർഷത്തിൽ അടിമാലിയിൽ നടന്ന പ്രമാദമായ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണ്ണായക പങ്ക് വഹിച്ചു. നിരവധി കൊലപാതകങ്ങൾ, വ്യക്തികളെ കാണാതെ പോകൽ, മോഷണം തുടങ്ങിയ കേസുകളിൽ തെളിവുകളുണ്ടാക്കി.
2019ൽ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ പരിധിയിലെ പുത്തടി എന്ന സ്ഥലത്തു റിജോഷ് എന്നയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി എത്തിയ ജെനി രണ്ടര കിലോമീറ്റർ സഞ്ചരിച്ച് ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ കാണാതായ റിജോയുടെ മൃതശരീരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. കേവലം മിസ്സിംഗ് കേസിൽ ഒതുങ്ങിപ്പോകാമായിരുന്ന കേസ് കൊലപാതകമെന്ന് തെളിയിക്കാനും ജെനി കാരണമായി.
കരിമണ്ണൂർ സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുർഘടമായ പാറക്കെട്ടുകളിലുടെ സഞ്ചരിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. 2020ൽ വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിലെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും നിർണ്ണായകമായ സേവനങ്ങൾ ജെനി നൽകുകയുണ്ടായി. ആദ്യമായാണ് ജില്ലയിൽ വച്ച് ഒരു ഡോഗിന്റെ റിട്ടയർമെന്റ് ചടങ്ങ് നടക്കുന്നത് . പത്തു വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന ജെനിക്ക് ഗംഭീര യാത്രയയപ്പാണ് ജില്ലയിൽ ഒരുക്കിയത്. ഡോഗ് സ്‌ക്വാഡിൽ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ഒരുക്കിയിട്ടുള്ള വിശ്രാന്തി ഹോമിലേയ്ക്കാണ് കൊണ്ട് പോകാറ്. എന്നാൽ സാബുവിന്റെ അപേക്ഷപ്രകാരം ജെനിയെ സാബുവിനൊപ്പം അയയ്ക്കുകയായിരുന്നു.
സേനയിലെ ഒരു ഉദ്യോഗസ്ഥന് നൽകുന്ന എല്ലാ ബഹുമതിയും നൽകിയാണ് ജെനിയേയും വിശ്രമ ജീവിതത്തിലേയ്ക്ക് വിടുന്നത്. യൂണിഫോമിലെത്തിയ ജെനിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. നാർകോട്ടിക്സെൽ ഡിവൈഎസ്പി മാത്യു ജോർജ്ജ് , ഇടുക്കി ഇൻസ്‌പെക്ടർ എസ്എച്ച് ഒ സതീഷ് കുമാർ എസ്സ് , എഎസ്ഐ ഇൻ ചാർജ് പി എച്ച് ജമാൽ, കെ 9 ഡോഗ് സ്‌ക്വാഡ് ഇൻ ചാർജ്ജ് ഓഫിസർ റോയി തോമസ് എന്നിവരും ഡോഗ് സ്‌ക്വാഡിലെ സേനാ അംഗങ്ങളും ചേർന്നാണ് ജെനിയെ യാത്രയാക്കിയത്. പോലീസ് സേനയിൽ നിന്ന് ലഭിച്ച അവസാന സല്യൂട്ട് സ്വീകരിച്ച് ഹാന്റ്‌ലർ
പി സി സാബുവിനൊപ്പം ജെനി സർവ്വീസിൽ നിന്നു പടിയിറങ്ങി.
Read Also: വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ നടപ്പിലാക്കാന്‍ 52,000 കോടി വേണം, നികുതികൾ കൂട്ടി സിദ്ധരാമയ്യ
Post Your Comments