ആലക്കോട്: കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല് വഴുതിവീണ് വയോധികന് മരിച്ചു. തിരുവനന്തപുരം പാറശാലയില്‍ ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്ര(68) ആണ് മരിച്ചത്.
Read Also : രാവിലെ കുളത്തിൽ കുളിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
മറ്റൊരു സംഭവത്തില്‍ വിതുര പൊലീസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകിവീണു. സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി.
ചാലക്കുടിയില്‍ വീടിന് മുകളിലേക്ക് പ്ലാവ് വീണു. പറമ്പിക്കാടന് ഷെെജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും കടല്‍ക്ഷോഭവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.
റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളം ഉയരുകയാണ്.
വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫ് ആയി പോകുന്ന വാഹനങ്ങൾ സമീപവാസികൾ ചേർന്ന് കരക്ക് എത്തിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് റോഡിന്റെ ഇരുദിക്കുകളിലുമായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം പൂർണമായി തടസപ്പെടുന്ന സ്ഥിതിയാണുള്ളത്.
Post Your Comments