
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമുഖ എഡ്-ടെക് സ്ഥാപനമായ ബൈജൂസുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങി ബോളിവുഡ് താരം ഷാരൂഖാൻ. ബൈജൂസുമായുള്ള കരാറുകൾ വീണ്ടും പുതുക്കില്ലെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ വരെയാണ് കരാർ കാലാവധി. അതേസമയം, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കരാറുകൾ പുതുക്കാൻ ബൈജൂസും തയ്യാറാകില്ലെന്ന റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്.
2017 മുതലാണ് നാല് കോടി രൂപയുടെ വാർഷിക പ്രതിഫലത്തിന് ഷാരൂഖാനുമായി ബൈജൂസ് ബ്രാൻഡ് പ്രചരണത്തിനുള്ള കരാറിൽ ഏർപ്പെട്ടത്. അതിനുശേഷം, ബൈജൂസുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളിൽ ഷാരൂഖാൻ എത്തിയിട്ടുണ്ട്. അതേസമയം, 2021-ൽ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ വിവാദങ്ങളിൽ അകപ്പെട്ടപ്പോൾ മിക്ക പരസ്യങ്ങളിൽ നിന്നും ബൈജൂസ് ഷാരൂഖാനെ മാറ്റിനിർത്തിയിരുന്നു.
Also Read: നീറ്റ് യുജി പരീക്ഷയെഴുതി നൽകാൻ പ്രതിഫലം 7 ലക്ഷം രൂപ, എയിംസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നു പോകുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബൈജൂസ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 2,500 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഈ വർഷം ഘട്ടമായി ആയിരം പേരെ കൂടി പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
Post Your Comments