ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഡൽഹി എയിംസിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 7 നു നടന്ന എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയിലാണ് ഇവർ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഏഴുലക്ഷം രൂപ വരെയാണ് ഇവർ മറ്റുള്ളവർക്കായി പരീക്ഷ എഴുതുന്നതിന് പ്രതിഫലമായി വാങ്ങിയിരുന്നത്.
ഡൽഹി എയിംസിലെ രണ്ടാം വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി നരേഷ് ബിഷോരി, സഞ്ജു യാദവ്, മഹാവീർ, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. നരേഷ് ബിഷോരിയാണ് ഇതിന്റെ മുഖ്യ ആസൂത്രകൻ.
ഹരിയാനയിൽ മറ്റൊരു വിദ്യാർഥിയുടെ പേരിൽ പരീക്ഷയെഴുതാനെത്തിയ സഞ്ജുവാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറും ജിതേന്ദ്രയും പിടിയിലായി. സംഘത്തലവനായ നരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയ ശേഷമാണ് പൊലീസ് വാർത്ത പുറത്തുവിട്ടത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അവർ തയാറായില്ല.
വൻ പ്രതിഫലം വാഗ്ദാനം ചെയ്താണ് എയിംസിലെ സഹപാഠികളെ നരേഷ് സംഘത്തിൽ ചേർത്തിരുന്നത്. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തിൽ പെട്ട എയിംസിലെ വിദ്യാർഥികൾ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. പിടിയിലായവരിൽ നിന്നു തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ആളുമാറി പരീക്ഷയെഴുതാൻ ഓരോരുത്തരിൽ നിന്നും 7 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് നരേഷ് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിൽ ഒരു ലക്ഷം രൂപ മൂൻകൂറായി വാങ്ങും. ബാക്കി 6 ലക്ഷം പിടിക്കപ്പെടാതെ പരീക്ഷ എഴുതി പൂർത്തിയാക്കിയാൽ ഉടൻ വാങ്ങും. സംഘത്തിൽ എയിംസിലെ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ 8 പേരെ കഴിഞ്ഞ വർഷം മാർച്ചിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments