തിരുവനന്തപുരം: ഏക സിവിൽ കോഡ് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കാരണവശാലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാം. ഓരോ വിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും നിയമം മോശമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡിനെ ജനങ്ങൾ ശക്തമായി എതിർത്ത് തോൽപ്പിക്കും. കോൺഗ്രസിന് ഈ വിഷയത്തിൽ ഒരു അവ്യക്തതയുമില്ല. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാതെ വെറുതെ ചർച്ച ചെയ്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഏക സിവിൽ കോഡിനെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിഷയമാക്കി മാറ്റാൻ ശ്രമിക്കുന്നതാണ് അപകടകരം. ഭിന്നിപ്പിന് വേണ്ടിയുള്ള ബിജെപിയുടെ അജണ്ട തിരിച്ചറിയുക .അതിനെ ജനങ്ങൾ ഒരുമിച്ച് നിന്ന് എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment