പാരിപ്പള്ളി: 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം വടക്കേവിള പട്ടത്താനം അഖിലേഷ് നിവാസിൽ ദർശന നഗർ -182 ആകാംശ് (41) എന്നിവരാണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.
കഞ്ചാവുമായി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ കൊല്ലത്തെ മൊത്തവിതരണക്കാരനും സഹായികളും പിടിയിലാവുകയായിരുന്നു. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ വഴി തിരുവനന്തപുരത്തെത്തി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതികളാണ്. കൊല്ലത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അനിൽകുമാർ. ആന്ധ്രയിൽ നിന്ന് ഒരു കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15000 രൂപക്കാണ് ഇവർ വിൽപന നടത്തുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. മനോജ് ലാൽ, പ്രിവന്റീവ് ഓഫിസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments