ചെന്നൈ: അഴിമതിക്കസിൽ അറസ്റ്റിലായ വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ നടപടി ഗവർണർ മരവിപ്പിച്ചു. അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്ന് ഗവർണർ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലാതെയാണ് മന്ത്രിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചായിരുന്നു തമിഴ്നാട് ഗവർണറുടെ അസാധാരണ നടപടി.
കഴിഞ്ഞ ദിവസമാണ് റെയ്ഡിന് പിന്നാലെ സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതോടെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ നിലനിർത്തുകയായിരുന്നു. എന്നാൽ, വകുപ്പില്ലാതെയാണെങ്കിലും സെന്തിൽ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്നായിരുന്നു ഗവർണറുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിയെ പുറത്താക്കിയുള്ള അസാധാരണ നടപടി ഗവർണർ സ്വീകരിക്കുകയായിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഗവർണർ ഈ നടപടി മരവിപ്പിച്ചു.
ബാലാജിയെ പുറത്താക്കി ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. 17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി വിശദീകരണം. 25 കോടി വിലയുള്ള ഭൂമി ബന്ധുവിൻറെ പേരിൽ സ്വന്തമാക്കിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി പറയുന്നു. 3.75 ഏക്കർ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Post Your Comments