Latest NewsKeralaNews

ഉടുതുണി ഇല്ലാതെ ആണും പെണ്ണും ഇറങ്ങിയോടി എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചു വിടുന്നതാണോ മാധ്യമപ്രവർത്തനം: സിന്ധു ജോയ്

എന്റെ ജീവിതം തുലച്ച നിങ്ങൾക്കെതിരെ ഏതറ്റം വരെയും പോകും.

മുൻ ദേശാഭിമാനി പത്രപ്രവർത്തകൻ ശക്തിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകിയ സിന്ധു ജോയിയുടെ കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വ്യാജ വാർത്ത നൽകി രാഷ്ട്രീയ ലക്ഷ്യം നേടുന്നവർക്കെതിരെ സിന്ധു ജോയുടെ പോസ്റ്റ്.

read also: ‘എന്റെ മന്ത്രിമാരെ പിരിച്ചുവിടാൻ നിങ്ങൾക്ക് അധികാരമില്ല’: ഗവർണർക്ക് മറുപടിയുമായി സ്റ്റാലിൻ

കുറിപ്പ് പൂർണ്ണ രൂപം,

കടപൂട്ടിയവരോടും പൂട്ടാൻ പോകുന്നവരോടും…
‘കൈതോലപ്പായ’യുടെ കഥാകാരൻ ഫേസ്‌ബുക്കിലെ കടപൂട്ടി എന്നറിഞ്ഞു; നന്ദിയുണ്ട് സഖാവേ! രണ്ടു പെണ്മക്കളുടെ അച്ഛനായ താങ്കൾ ഇത്തരം നീചപ്രചരണം നടത്തും മുൻപ് ആ പേരക്കുട്ടിയുടെ മുഖത്തൊന്ന് നോക്കാമായിരുന്നില്ലേ?.
താങ്കളുടെ ഊരും പേരുമില്ലാത്ത പോസ്റ്റിനെ തുടർന്ന് ക്രൈം നന്ദകുമാർ എൻ്റെ പേരും പടവും വച്ചാണ് ഈ ദിവസങ്ങളിൽ ഇക്കിളി പറഞ്ഞു വിജ്രംഭിതനായത്! ഇതിനെതിരെയായിരുന്നു ഇന്നലെ ഞാൻ പ്രധാനമായും പ്രതികരിച്ചത്. ചില പോസ്റ്റുകൾ മുക്കിയിട്ടുണ്ട്; ചിലത് എഡിറ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ, വൈകിപ്പോയി! നിയമോപദേശം അനുസരിച്ചു് ഈ വിഡിയോകളെല്ലാം അപ്പോൾത്തന്നെ ഞങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

ശക്തിധരൻ എന്റെ പേര് പരാമർശിച്ചില്ലെന്നും ഞാൻ സ്വയം രംഗത്ത് വരികയായിരുന്നെന്നും ചില കുരുട്ടുബുദ്ധികൾ ഇന്ന് പറയുന്നത് കേട്ടു. നന്ദകുമാറിന്റെ യൂട്യൂബ് ചാനലിൽ ഇന്നൊരു പെണ്ണൊരുത്തി വന്നിരുന്നു ചോദിക്കുന്നതു കേട്ടു: “ഇതിനൊക്കെ സിന്ധു ജോയ് ഇങ്ങനെ പ്രതികരിക്കേണ്ടതുണ്ടോ?”

ഉത്തരം ഇതാണ്: ‘ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രമേ ആയിട്ടുള്ളൂ; പൂരക്കാഴ്ചകൾ ഇനി കാണാനിരിക്കുന്നതേയുള്ളു’.
‘പിശാച് നുണയനും നുണകളുടെ പിതാവുമാണ്’ എന്നാണ് ബൈബിൾ വചനം. പക്ഷേ, യൂട്യൂബിലും ഫേസ്ബുക്കിലും ‘വെർബൽ ഡയേറിയ’ നടത്തുന്ന ഞരമ്പുരോഗികൾ നുണകളുടെ മുത്തച്ഛന്മാരാണ്.

ഒരു രാഷ്ട്രീയക്കാരി ആയതുകൊണ്ടുമാത്രം നിർദയം വേട്ടയാടപ്പെട്ട കെ ആർ ഗൗരിയമ്മ, ഒരു നുണക്കഥ കൊണ്ട് നിങ്ങൾ മാനംകെടുത്തിയ ശ്രീമതി ടീച്ചർ, കെ കരുണാകരന്റെ മകൾ ആയതുകൊണ്ടു മാത്രം അപവാദകഥകൾകൊണ്ട് നിങ്ങൾ അമ്മാനമാടിയ പദ്‌മജ വേണുഗോപാൽ, അതേ സാഹചര്യത്തിൽ തന്നെ സൽപ്പേരിനു കളങ്കം ചാർത്തപ്പെട്ട മറിയ ഉമ്മൻ ചാണ്ടി, പെണ്ണായതുകൊണ്ടു മാത്രം ആരോപണവിധേയായ ശോഭന ജോർജ്, പിണറായി വിജയൻറെ മകളായതുകൊണ്ടുമാത്രം കൊത്തിനുറുക്കപ്പെടുന്ന വീണാ വിജയൻ, മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയക്കാരിയും മന്ത്രിയും ആയതുകൊണ്ടുമാത്രം ലൈംഗിക ദുരാരോപണം നേരിടേണ്ടിവന്ന വീണാ ജോർജ്…ഈ പട്ടികക്ക് ഇനിയും ഒരുപാട് ദൈർഘ്യമുണ്ട്.

പെണ്ണിൻ്റെ മാനാഭിമാനങ്ങളെ നാൽക്കവലയിൽ വെട്ടിയരിഞ്ഞു കൈതോലപ്പായയിൽ പൊതിഞ്ഞു വിൽക്കുന്ന ശക്തിഗോപുരങ്ങളെ വിധി നിങ്ങളെ നിരന്തരം വേട്ടയാടും. കാലവും ചരിത്രവും കണക്കുതീർക്കാതെ കടന്നുപോയിട്ടില്ല!

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഞാൻ കടന്നുപോയത് മറ്റാരെയോ പരാജയപ്പെടുത്താൻ മദ്യശാലയുടെ അരണ്ടവെളിച്ചത്തിൽ ഇരുന്ന് നുണക്കഥ ചമച്ചു പ്രചരിപ്പിച്ച ചില നീചജന്മങ്ങൾ തീർത്ത അരക്കില്ലത്തിന്റെ അഗ്‌നിച്ചൂടിലാണ്. അത് എന്നിലേൽപ്പിച്ച ആഘാതം അതിഭയങ്കരമായിരുന്നു. ഈ നുണക്കഥയുടെ ഉത്ഭവം എങ്ങനെ ആയിരുന്നെന്ന് ഇന്നലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ വിശദീകരിച്ചു.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ ചേർന്ന് രൂപീകരിച്ച ആ പഴയ ‘സിൻഡിക്കേറ്റ്’ അന്നത്തെ ഇടതുപക്ഷ സർക്കാരിലെ മൂന്നു മന്ത്രിമാരെ തേജോവധം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കി. അവർ മൂന്നുപേർക്കുമെതിരെ വ്യത്യസ്തമായ മൂന്ന് ആരോപണങ്ങളാണ് ഉയർത്തിയത്. അതിൽ ഇരയാവുകയായിരുന്നു ഞാൻ. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ചടങ്ങുകഴിഞ്ഞു ഞങ്ങളുടെ സംഘം ഭക്ഷണത്തിനു കയറിയപ്പോൾ തന്നെ മൂന്നു മൊബൈൽ നമ്പറുകളിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് ഫോൺ കോളുകൾ എത്തി.
ഈ കോളുകളിൽ ഒന്ന് എന്റെ സുഹൃത്തായ കൊച്ചിയിലെ റിപോർട്ടർക്ക് ആയിരുന്നു. അവൻ ഉടനടി എന്നെ വിളിച്ചു: ‘സിന്ധു, നീ എവിടെയാണ്?’
‘ഭക്ഷണം കഴിച്ചു കൈകഴുകുന്നു.’ – ഞാൻ മറുപടി പറഞ്ഞു.

മന്ത്രിയോടൊപ്പം ഹോട്ടൽ മുറിയിലാണെന്ന് കഥയിറങ്ങിയിരിക്കുന്നുവെന്നും സൂക്ഷിക്കണം എന്നും അവൻ പറഞ്ഞു. അപ്പോൾ എനിക്കതിന്റെ ഗൗരവം മനസിലായില്ല. ഞാൻ കൊച്ചിയിലെ എന്റെ ആന്റിയുടെ വീട്ടിലേക്ക് പോയി. പിന്നീടാണ് ഈ നുണബോംബ് അതിന്റെ സകല ദുർഗന്ധങ്ങളോടും കൂടി പൊട്ടിത്തുതുടങ്ങിയത്. എറണാകുളം ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആയപ്പോൾ ക്രൈം വാരികയുടെ കോപ്പികൾ വീടുവീടാനന്തരം വിതരണം ചെയ്താണ് ഈ സിൻഡിക്കേറ്റ് സഹായം ചെയ്തത്.

മാതാപിതാക്കൾ നഷ്ടപ്പെട്ട എനിക്ക് എന്നും താങ്ങായിരുന്നു എന്നോടൊപ്പം ആരോപണ വിധേയനായ മന്ത്രിയുടെ കുടുംബം. തിരുവന്തപുരത്തെ എൻ്റെ പഠനകാലയളവിൽ ‘ലോക്കൽ ഗാർഡിയൻ’ സ്ഥാനത്തു നൽകിയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ്. ഇന്നും എന്റെ സങ്കടങ്ങളിൽ എനിക്ക് സമാശ്വസം നൽകുന്ന ഒരു പോറ്റമ്മയുടെ റോളാണ് അവർക്ക്. ഇന്നലെയും എൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണ നൽകി കമന്റ് ഇട്ടിട്ടുണ്ട് എൻ്റെ ആ പോറ്റമ്മ.

വ്യക്തിഹത്യക്കും വ്യാജപ്രചാരണത്തിനും എതിരെ കോടതിയെ സമീപിക്കാൻ അന്ന് ഞാനൊരുക്കമായിരുന്നു. എന്നാൽ ഇത്തരം ‘ഗട്ടർ’ ജേർണലിസത്തെ അവഗണിച്ചു തള്ളാനായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശം. ഇതെനിക്ക് ഉൾക്കൊള്ളാവുന്നതിലും ഏറെയായിരുന്നു. കൂടുതൽ അനാഥയാക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. അതെന്നെ മാനസികമായ ‘ട്രോമ’യുടെ മറുകരയിൽ എത്തിച്ചു. കണ്ണീർ വീഴാത്ത രാത്രികളും പകലുകളും എന്നെനിക്ക് ഉണ്ടായിരുന്നില്ല.
ഇതാണോ ജേർണലിസം? ഉടുതുണി ഇല്ലാതെ ആണും പെണ്ണും ഇറങ്ങിയോടി എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചു വിടുന്നതാണോ മാധ്യമപ്രവർത്തനം.

ഇന്നലെ ഞങ്ങൾ സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. യൂട്യൂബ് ചാനലുകൾക്ക് വാർത്താമാധ്യമങ്ങൾക്കുള്ള യാതൊരു പരിരക്ഷയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടി മാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഇന്ത്യയിൽ ഇപ്പോൾ റെഗുലേറ്ററി സംവിധാനങ്ങളുണ്ട്. വ്യക്തിഹത്യക്കെതിരെ 1990 ലെ ബ്രോഡ്‌കാസ്റ്റിംഗ്‌ ആക്ട് സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ ഇത്തരം അപഹാസ്യമായ ആരോപണങ്ങൾക്ക് അതുന്നയിക്കുന്നയാൾ വ്യക്തിപരമായി ഉത്തരവാദിയാണ്. മാനനഷ്ടക്കേസ് നേരെചൊവ്വേ നടത്തിയാൽ യൂട്യൂബ് ഗട്ടർ ജേർണലിസ്റ്റ് അഴിയെണ്ണും; അടുക്കളയും അരകല്ലും വരെ ജപ്തി ചെയ്ത് മാനനഷ്ടത്തിനുള്ള തുക ഈടാക്കും. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എൻ വി രമണ ഇത്തരക്കാരെ വിളിച്ചത് ‘കംഗാരൂ കോർട്ടുകൾ’ എന്നാണ്.
കംഗാരു കുഞ്ഞുങ്ങളെ, നിങ്ങളെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഒരുക്കമല്ല.

അത്രയ്ക്ക് തീഷ്ണമായ നൊമ്പരങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. എന്റെ ജീവിതം തുലച്ച നിങ്ങൾക്കെതിരെ ഏതറ്റം വരെയും പോകും. നിങ്ങൾ നാൽക്കവലകളിൽ തൂക്കിവിറ്റ എൻ്റെ അഭിമാനത്തിനും സാസ്ഥ്യത്തിനും തുല്യമല്ല ഒരു പോരാട്ടമെന്നും അറിയാം. എന്നാലും അന്ത്യം കണ്ടേ അടങ്ങുകയുള്ളു. ഒപ്പം, അരണ്ട മൂലകളിലെ ലഹരിസദസുകളിൽ നിങ്ങളൊക്കെ കഥചമച്ചു കഥകഴിച്ച ഓരോ പെണ്ണിന്റെയും ആത്മാഭിമാനത്തിനുള്ള പോരാട്ടംകൂടിയാണ് ഇത്.
അവസാനിക്കുന്നില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button