തിരുവനന്തപുരം: തൃശൂര്‍ ഗിരിജ തിയറ്റര്‍ ഉടമ ഡോ ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക് സംഘടന രംഗത്ത് എത്തി. വര്‍ഷങ്ങളായി ഡോ ഗിരിജയ്ക്ക് നേരെയുള്ള നിരന്തര സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സൈബര്‍ പൊലീസിനും ഫിയോക് പരാതി നല്‍കി.
തനിക്ക് എതിരെ വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ മാധ്യമങ്ങള്‍ വഴി രംഗത്ത് എത്തിയിരുന്നു. ബുക്ക് മൈ ഷോയില്‍ തിയേറ്ററിന്റെ പേരില്ലെന്നും, 12ലേറെ തവണ തിയേറ്ററിന്റ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ചുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഗിരിജ ആരോപിക്കുന്നു.
‘ബുക്ക് മൈ ഷോയില്‍ എന്റെ തിയേറ്ററിന്റെ പേരില്ല. എനിക്ക് ആശ്രയിക്കാന്‍ സാധിക്കുന്നത് ഫേസ്ബുക്കും വാട്‌സ്ആപ്പുമാണ്. 2018 മുതലാണ് സൈബര്‍ അറ്റാക്ക്. എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചാണ് അക്രമണങ്ങള്‍ക്കു തുടക്കം. എനിക്കു നേരെ വ്യക്തിപരമായ ആക്രമണമാണെന്നോര്‍ത്ത് ഞാന്‍ വേറൊരു ടീമിന് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഏല്‍പ്പിച്ചു. പക്ഷേ അവരുടെ അക്കൗണ്ടും പൂട്ടിച്ചു. പന്ത്രണ്ട് അക്കൗണ്ടുകള്‍ ഇതുവരെ പൂട്ടിച്ചു’. അവര്‍ പറഞ്ഞു.
ഒരു മാഫിയയാണ് ഇതിന് പിന്നിലെന്നും ചില നിര്‍മാതാക്കള്‍ക്ക് എനിക്ക് സിനിമ നല്‍കുവാനും ഭയമാണെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments