കൊച്ചി: ഫിയോക്കില്‍ താന്‍ അംഗമല്ലെന്നും നേരത്തെ രാജിവെച്ചെന്നും ആന്‍റണി പെരുമ്പാവൂര്‍ . അംഗമല്ലാത്ത തന്നെ പുറത്താക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. ഫിയോക്കില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫിയോക്ക് സംഘടനയിലെ വൈസ് ചെയര്‍മാനാണ് ആന്‍റണി പെരുമ്പാവൂര്‍. നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഇപ്പോൾ, തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ണായക നീക്കം.
നിലവില്‍, ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു, ഫിയോക് ചെയര്‍മാന്‍ കൂടിയായ നടന്‍ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ അന്ന് രാജി നല്‍കിയത്.
ഫിയോക് ഭാരവാഹിത്വം വഹിച്ചിട്ടും ഒടിടി റിലീസുകളെ പിന്തുണയ്ക്കുന്ന നടപടിയില്‍ രൂക്ഷ വിമര്‍ശനമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്. 2017ലാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ, ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും നിശ്ചയിക്കുകയായിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കവും നടക്കുന്നത്. നേരത്തെ, ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സല്യൂട്ട് സിനിമയുടെ ഒടിടി റിലീസിന്റെ പേരിലായിരുന്നു നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാണ് സല്യൂട്ട് ഒടിടിക്ക് നല്‍കിയത് എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.
Post Your Comments